2023ൽ ഇവാന്റെ പ്രിയപ്പെട്ട നിമിഷം കൊച്ചിയിലെ വിജയങ്ങൾ, പെപ്രക്കും മിലോസിനും ബ്ലാസ്റ്റേഴ്‌സിനു വേണ്ടി നേടിയ ആദ്യഗോൾ | Kerala Blasters

2023 അവസാനിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ തിരഞ്ഞെടുത്ത് ഇവാൻ വുകോമനോവിച്ചും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും. ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ തിരഞ്ഞെടുക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നു പറഞ്ഞ ഇവാൻ കൊച്ചിയിൽ നേടിയ വിജയങ്ങളും ഒഡിഷ എഫ്‌സിക്കെതിരെ അവസാന നിമിഷത്തിൽ നേടിയ ഗോളുമാണ് മികച്ച നിമിഷങ്ങളായി തിരഞ്ഞെടുത്തത്.

സ്വന്തം മൈതാനത്ത് ഒഡിഷ എഫ്‌സിക്കെതിരെ നടത്തിയ തിരിച്ചു വരവ്, ബെംഗളൂരു എഫ്‌സിക്കെതിരെ നേടിയ വിജയം, മുംബൈ സിറ്റിക്കെതിരെ നേടിയ വിജയം, സസ്‌പെൻഷൻ കഴിഞ്ഞു തിരിച്ചു വന്ന ആദ്യത്തെ മത്സരം എന്നിവയും അദ്ദേഹം പറഞ്ഞു. സ്വന്തം മൈതാനത്തുണ്ടായ അനുഭവങ്ങളാണ് ഇവാൻ വുകോമനോവിച്ച് ഏറ്റവും പ്രിയപ്പെട്ടതായി തിരഞ്ഞെടുത്തത്.

ഘാന താരമായ പെപ്രയെ സംബന്ധിച്ച് മുംബൈ സിറ്റിക്കെതിരെ നേടിയ തന്റെ ആദ്യത്തെ ഗോളാണ് പ്രിയപ്പെട്ട നിമിഷം. അതിനു പുറമെ സ്റ്റേഡിയം നൽകിയ അനുഭവത്തെക്കുറിച്ചും ടീമിനെപ്പറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു. അതേസമയം ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിയോസ് തനിക്ക് കുട്ടി ജനിച്ചതും മോഹൻ ബഗാനെതിരെ നേടിയ വിജയവുമാണ് പ്രിയപ്പെട്ടതായി പറഞ്ഞത്.

നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ നേടിയ സമനില ഗോളാണ് ഡാനിഷ് ഫാറൂഖ് തന്റെ പ്രിയപ്പെട്ട നിമിഷമായി ഡാനിഷ് ഫാറൂഖ് തിരഞ്ഞെടുത്തത്. കൊച്ചിയിൽ നേടിയ ആ ഗോൾ ജീവിതത്തിൽ തന്നെ മറക്കാൻ കഴിയാത്ത ഒന്നാണെന്ന് താരം പറഞ്ഞു. അതേസമയം പ്രബീർ ദാസിനെ സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ആദ്യത്തെ മത്സരമാണ് ഏറ്റവും മികച്ച അനുഭവം.

പ്രതിരോധതാരമായ പ്രീതം കോട്ടാൽ വ്യക്തിപരമായ ഒന്നാണ് തിരഞ്ഞെടുത്തത്. പതിമൂന്നു വർഷത്തെ പ്രണയത്തിനു ശേഷം കാമുകിയെ വിവാഹം കഴിക്കാൻ സാധിച്ചതാണ് താരം പ്രിയപ്പെട്ടതായി കരുതിയത്. അതേസമയം വിദേശ സെന്റർ ബാക്കായ മിലോസിനെ സംബന്ധിച്ച് ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി നേടിയ ആദ്യത്തെ ഗോളാണ് പ്രിയപ്പെട്ട നിമിഷം.

Kerala Blasters Players And Vukomanovic Picked Best Moments Of 2023