ബ്ലാസ്റ്റേഴ്‌സിൽ നിന്നും അപ്രതീക്ഷിതമായ നീക്കമുണ്ടാകുമോ, ലൂണയുടെ പകരക്കാരൻ മോഹൻ ബഗാനിൽ നിന്നുമെത്തിയാൽ അത്ഭുതപ്പെടാനില്ല | Kerala Blasters

അഡ്രിയാൻ ലൂണയുടെ പകരക്കാരനു വേണ്ടിയുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് സജീവമായി നടത്തുകയാണ്. നിലവിൽ ടീം മികച്ച ഫോമിലാണെങ്കിലും ഈ സീസണിലെ കിരീടപ്രതീക്ഷകൾ സജീവമായി നിലനിർത്താൻ പുതിയൊരു താരത്തെ സ്വന്തമാക്കിയേ മതിയാകൂ. ഒരുപാട് താരങ്ങളുമായി ചർച്ചകൾ നടത്തിയെങ്കിലും അതിലൊന്നും തീരുമാനമായില്ലെന്നാണ് റിപ്പോർട്ടുകൾ.

അതിനിടയിൽ ഒരു അപ്രതീക്ഷിതമായ നീക്കം കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഉണ്ടാകുമോയെന്ന ചർച്ചകൾ ഉയരുന്നുണ്ട്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാനിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ലൂണയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സിൽ എത്തിക്കാൻ സഹായിച്ചേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

മോഹൻ ബഗാൻ മധ്യനിര താരമായ ഹ്യൂഗോ ബൗമസ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിൽ നിന്നും പുറത്തു പോകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താരത്തിൽ നിന്നും പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം ഉണ്ടായില്ലെന്നതാണ് ക്ലബിന് നിരാശ നൽകുന്നത്. എട്ടു മത്സരങ്ങൾ കളിച്ച താരം ആകെ ഒരു ഗോൾ മാത്രമാണ് ഐഎസ്എല്ലിൽ നേടിയിരിക്കുന്നത്.

പരിശീലകനായിരുന്ന യുവാൻ ഫെറാണ്ടോയെ പുറത്താക്കിയതും ഇതിൽ നിർണായകമായി വന്നേക്കാം. ഇപ്പോൾ ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത അന്റോണിയോ ഹെബാസും ഹ്യൂഗോയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലെന്നാണ് റിപ്പോർട്ടുകൾ. പുതിയൊരു മിഡ്‌ഫീൽഡറെ മോഹൻ ബഗാൻ സ്വന്തമാക്കിയാൽ ഹ്യൂഗോയുടെ സ്ഥാനം തെറിച്ചേക്കാം.

മോഹൻ ബഗാൻ ഹ്യൂഗോയെ പുറത്താക്കിയാൽ സ്വന്തമാക്കാൻ സൗത്ത് ഇന്ത്യയിലെ ചില ക്ലബുകൾ ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ഒരു മധ്യനിര താരത്തെ തേടുന്ന ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് ആണ്. അതുകൊണ്ടു തന്നെ ബൗമസ് മോഹൻ ബഗാനിൽ നിന്നും പുറത്തു പോന്നാൽ കേരളത്തിലേക്ക് വരില്ലെന്ന് പറയാൻ കഴിയില്ല.

Kerala Blasters May Sign Hugo Boumous If He Leave Mohun Bagan