മധ്യനിരയിലെ ഗോൾമെഷീൻ ബ്ലാസ്റ്റേഴ്‌സിലേക്കില്ല, ലൂണയുടെ പകരക്കാരനെ സ്വന്തമാക്കാൻ വൈകും | Kerala Blasters

പരിക്കേറ്റു വിശ്രമത്തിലുള്ള അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ഈ ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്നു പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിക്കുന്നതിനു മുൻപ് തന്നെ നിരവധി അഭ്യൂഹങ്ങളും വന്നിരുന്നു. എന്നാൽ ഒരു അഭ്യൂഹവും അത്ര ശക്തമായ രീതിയിൽ ഉയർന്നു വന്നില്ലെന്നത് ശ്രദ്ധേയമാണ്.

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉയർന്നു വന്ന പ്രധാന അഭ്യൂഹം മുൻ ഗോവൻ താരമായ ഇകർ ഗുവാറൊസേന ആയിരുന്നു. കഴിഞ്ഞ സീസണിൽ പതിനൊന്നു ഗോളുകൾ ഇന്ത്യൻ സൂപ്പർ ലീഗിൽ നേടിയ മധ്യനിര താരം ഐഎസ്എല്ലിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്നും താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്ന ക്ലബുകളിൽ ഒന്നു കേരള ബ്ലാസ്റ്റേഴ്‌സ് ആണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ സ്‌പാനിഷ്‌ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നില്ലെന്നാണ് ക്ലബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. അതേസമയം എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി തുടങ്ങിയ ക്ലബുകൾ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ താരം കളിച്ചു കൊണ്ടിരിക്കുന്ന റയൽ മുർസിയ കരാർ അവസാനിപ്പിക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.

ലൂണക്ക് പകരക്കാരനെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് അനുയോജ്യനായ കളിക്കാരനാണ് എന്നതിനാൽ തന്നെ ഇകറിനെ സ്വന്തമാക്കില്ലെന്നത് ആരാധകർക്ക് നിരാശ തന്നെയാണ്. അതേസമയം ലൂണയുടെ പകരക്കാരനെ സ്വന്തമാക്കുന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒന്ന് പിൻവലിഞ്ഞുവെന്നും സൂചനകളുണ്ട്. സൂപ്പർ കപ്പിന് ശേഷം മാത്രമാകും ടീമിലേക്ക് വിദേശതാരം എത്തുന്നുണ്ടാവുക.

കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി താരങ്ങളെ സമീപിച്ചുവെങ്കിലും ചർച്ചകൾ മുന്നോട്ടു പോയില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ലൂണ ഇല്ലെങ്കിലും മികച്ച ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. എന്നാൽ രാഹുൽ കെപി, പ്രീതം കോട്ടാൽ, ഇഷാൻ പണ്ഡിറ്റ എന്നിവർ ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പമാണ് എന്നതിനാൽ സൂപ്പർ കപ്പിൽ ടീമിന് തിരിച്ചടി നേരിടാനുള്ള സാധ്യതയുണ്ട്.

Kerala Blasters To Sign Foreign Player After Super Cup