ആൻസലോട്ടി വരില്ലെന്നുറപ്പായി, ദേശീയടീമിനു പുതിയ പരിശീലകനെ കണ്ടെത്തി ബ്രസീൽ | Brazil

അനിശ്ചിതത്വങ്ങളിലൂടെയാണ് ബ്രസീൽ ഫുട്ബോൾ ടീം ഇപ്പോൾ കടന്നു പോകുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഫുട്ബോളിന്റെ മെക്കയെന്ന പേരും ഏറ്റവുമധികം പ്രതിഭകളെ ഉത്പാദിപ്പിക്കുന്ന രാജ്യവുമായിട്ടും കഴിഞ്ഞ കുറച്ചു കാലമായി ലോകഫുട്ബോളിൽ വ്യക്തമായൊരു ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് 2002നു ശേഷം ലോകകപ്പ് ടൂർണമെന്റുകളിലെ അവരുടെ പ്രകടനം വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കിരീടം സ്വന്തമാക്കിയതോടെ ബ്രസീലിനു മേൽ വളരെയധികം സമ്മർദ്ദം ഉണ്ടായിട്ടുണ്ട്. ഇനിയും കാത്തിരിക്കാൻ ആവില്ലെന്ന് ആരാധകർ വ്യക്തമാക്കി. ഇതോടെയാണ് യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെ ബ്രസീൽ തേടാനാരംഭിച്ചത്. നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി കോപ്പ അമേരിക്കക്കു മുൻപ് ടീമിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ടായി.

എന്നാൽ കാർലോ ആൻസലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനാവില്ലെന്നും റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെ പുതിയൊരു പരിശീലകനെ കണ്ടെത്തേണ്ടത് ബ്രസീലിനെ സംബന്ധിച്ച് അനിവാര്യമാണ്. റിപ്പോർട്ടുകൾ പ്രകാരം പുതിയ പരിശീലകൻ ആരാണെന്ന കാര്യത്തിൽ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തീരുമാനത്തിൽ എത്തിയിട്ടുമുണ്ട്.

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിയൻ ക്ലബായ സാവോ പോളോയുടെ പരിശീലകനായ ഡോറിവൽ ജൂനിയറിനെ ബ്രസീൽ ടീമിന്റെ പരിശീലകനാക്കാനാണ് തീരുമാനം. അദ്ദേഹത്തെ സിബിഎഫ് പ്രസിഡന്റ് ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥാനമേറ്റെടുക്കാൻ സന്നദ്ധനാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗികമായ വിവരമാണ് ഇനി ലഭിക്കാനുള്ളത്. ഇതിനു പുറമെ മുൻ അത്ലറ്റികോ മാഡ്രിഡ് താരം ഫെലിപ്പെ ലൂയിസിനെ ടീം കോർഡിനേറ്റർ ആക്കാനും പദ്ധതിയുണ്ട്.

പരിശീലകനെന്ന നിലയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണ് ഡോറിവൽ ജൂനിയർ. കഴിഞ്ഞ സീസണിൽ ഫ്‌ളമങ്ങോക്കൊപ്പം കോപ്പ ലിബർട്ടഡോസ് അടക്കം രണ്ടു കിരീടങ്ങൾ നേടിയ അദ്ദേഹം ഈ സീസണിൽ സാവോ പോലെ കോപ്പ ഡോ ബ്രസീൽ ചാമ്പ്യന്മാരുമാക്കി. അതേസമയം യൂറോപ്യൻ ക്ളബുകളെ പരിശീലിപ്പിച്ചുള്ള പരിചയം അദ്ദേഹത്തിനില്ല.

നിലവിൽ ഫ്ലുമിനൻസ് പരിശീലകനായ ഫെർണാണ്ടോ ഡിനിസ് ബ്രസീലിന്റെ താൽക്കാലിക പരിശീലകനാണ്. അദ്ദേഹത്തിന് കീഴിൽ ഫ്ലുമിനൻസ് കോപ്പ ലിബർട്ടഡോസ് കിരീടം നേടുകയും ക്ലബ് ലോകകപ്പ് ഫൈനലിൽ എത്തുകയും ചെയ്‌തെങ്കിലും ബ്രസീൽ ടീമിന്റെ പ്രകടനം മോശമാണ്. അതുകൊണ്ടാണ് പുതിയ പരിശീലകനെ തീരുമാനിക്കുന്നതെന്നാണ് കരുതേണ്ടത്.

Brazil To Appoint Dorival Junior As New Manager