ഇന്ത്യ ഫുട്ബോൾ ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷ വളർന്നത് ഐഎസ്എല്ലിലൂടെ, ഇന്ത്യൻ ഫുട്ബോൾ വലിയ കുതിപ്പുണ്ടാക്കിയെന്ന് സന്ദേശ് ജിങ്കൻ | Sandesh Jhingan

ഇന്ത്യൻ ഫുട്ബോളിൽ ഐഎസ്എൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്ന് ടീമിന്റെ പ്രതിരോധതാരമായ സന്ദേശ് ജിങ്കൻ. ഇന്ത്യൻ ഫുട്ബോളിനു നിലവിൽ കാണുന്ന വളർച്ച വരാൻ പ്രധാന കാരണം ഐഎസ്എൽ ആണെന്ന വസ്‌തുത നിഷേധിക്കാൻ കഴിയില്ലെന്നും ഭാവിയിൽ ഇന്ത്യ ലോകകപ്പ് കളിക്കുമെന്ന് അതിലൂടെ സ്വപ്‌നം കാണാൻ കഴിഞ്ഞുവെന്നും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സന്ദേശ് ജിങ്കൻ പറഞ്ഞു.

“ഐഎസ്എൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. 15-20 വർഷത്തിനുള്ളിൽ, നമ്മൾ ആഗ്രഹിക്കുന്നിടത്ത് ഇന്ത്യ എത്തുമ്പോൾ ഈ രാജ്യത്തെ ഓരോ പൗരനും ഇതിൽ പങ്കാളികളായി മാറും, എല്ലാം ഓർമ്മിക്കപ്പെടും. ഇന്ത്യ 173ആം റാങ്കിൽ ആയിരുന്നപ്പോൾ ആരും ഞങ്ങളെ വലുതായി കണ്ടിരുന്നില്ല, ഇന്ത്യക്ക് ഒരു ഫുട്ബോൾ ടീമുണ്ടോ എന്ന് ആളുകൾ ചോദിക്കാറുണ്ടായിരുന്നു.”

“ആ സമയത്ത് ഞങ്ങൾ ഈ ടീമിനെ പിന്തുണച്ചു കൊണ്ടിരുന്നു. ഇപ്പോൾ ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. ദേശീയ ടീമിന്റെ സമീപകാല പ്രകടനങ്ങളിൽ ഐഎസ്എൽ വഹിച്ച പങ്ക് എനിക്ക് പറഞ്ഞു മനസിലാക്കിത്തരാൻ കഴിയില്ല. അത് നമ്മൾ കരുതുന്നതിനേക്കാൾ വലുതാണ്. ഐഎസ്എല്ലിന്റെ സ്വാധീനം വളരെ വലുതാണ്. അതിനെ വാക്കുകളിലോ അളവുകോലിലോ വിലയിരുത്താൻ കഴിയില്ല.”

“ഐഎസ്എൽ നമ്മുടെ രാജ്യത്തിന്റെ ഫുട്ബോൾ വളർച്ചയ്ക്ക് വളരെ പ്രധാനമാണ്. എന്നെ വിശ്വസിക്കൂ, ഫിഫ ലോകകപ്പിൽ നമ്മൾ സ്ഥിരമായി പങ്കെടുക്കുന്ന സാഹചര്യം വരുമ്പോൾ, ആ തീ ആളിക്കത്തിക്കാൻ സഹായിച്ച തീപ്പൊരികളിലൊന്നാണ് ഐഎസ്‌എൽ എന്ന് ആളുകൾ പറയും. ജനങ്ങൾ ഈ ലീഗിനെ ഓർക്കുകയും ചെയ്യും.” ഇൻ ദി സ്റ്റാൻഡ്‌സ് എന്ന എപ്പിസോഡിൽ സന്ദേശ് ജിങ്കൻ പറഞ്ഞു.

സന്ദേശ് ജിങ്കൻറെ വാക്കുകൾ ഇന്ത്യൻ ഫുട്ബോളിനും ആരാധകർക്കും പുതിയ പ്രതീക്ഷകൾ നൽകുന്നതാണ്. നിലവിൽ ഏഷ്യൻ കപ്പിനായി തയ്യാറെടുക്കുന്ന ടീം ഈ വർഷം മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഏഷ്യൻ കപ്പിലും സമാനമായ രീതിയിൽ മികച്ച പ്രകടനം നടത്താൻ തങ്ങൾ ശ്രമിക്കുമെന്ന് ജിങ്കന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

Sandesh Jhingan Says ISL Ignite Belief To Play In World Cup