ബ്രസീലിയൻ താരത്തിന്റെ ബാഴ്‌സലോണ അരങ്ങേറ്റം ദുരന്തമായി, നഷ്‌ടമാക്കിയത് രണ്ടു സുവർണാവസരങ്ങൾ | Vitor Roque

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന സൈനിങ്‌ ആയിരുന്നു ബ്രസീലിയൻ താരമായ വിറ്റർ റോക്യൂവിന്റെത്. താരവുമായി ബാഴ്‌സലോണ നേരത്തെ തന്നെ കരാറിൽ എത്തിയതാണെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റോക്യൂ ക്ലബിലെത്തിയത്. രെജിസ്ട്രേഷൻ പൂർത്തിയാക്കിയ താരം കഴിഞ്ഞ ദിവസം ലാസ് പാൽമാസിനെതിരെ അരങ്ങേറ്റം കുറിക്കുകയും ചെയ്‌തു.

ലെവൻഡോസ്‌കി ഈ സീസണിൽ മോശം ഫോമിലായതിനാൽ റോക്യൂവിന്റെ വരവ് ബാഴ്‌സലോണയുടെ മുന്നേറ്റനിരയെ കൂടുതൽ മൂർച്ചപ്പെടുത്തുമെന്നാണ് ഏവരും കരുതിയത്. എന്നാൽ താരത്തിന്റെ അരങ്ങേറ്റം നിരാശ നൽകുന്ന ഒന്നായിരുന്നു. മത്സരത്തിൽ വളരെ കുറച്ചു സമയം മാത്രമേ കളിച്ചുള്ളൂവെങ്കിലും രണ്ടു വമ്പൻ അവസരങ്ങൾ പതിനെട്ടുകാരനായ താരം നഷ്‌ടമാക്കി.

മുൻ ബാഴ്‌സലോണ താരങ്ങളായ സാൻഡ്രോ റാമിറസിന്റെ അസിസ്റ്റിൽ മുനീർ എൽ ഹദാദി നേടിയ ഗോളിൽ ലാസ് പാൽമാസ് മുന്നിലെത്തിയ മത്സരത്തിൽ പിന്നീട് ഫെറൻ ടോറസിന്റെ ഗോളിൽ ബാഴ്‌സലോണ ഒപ്പമെത്തി, ഇഞ്ചുറി ടൈമിൽ ഗുൻഡോഗൻ എടുത്ത പെനാൽറ്റിയിലാണ് വിജയം നേടുന്നത്. മത്സരത്തിന്റെ എഴുപത്തിയെട്ടാം മിനുട്ടിലാണ് റോക്യൂ കളത്തിലിറങ്ങിയത്.

ഇരുപതു മിനുട്ടിൽ താഴെ മാത്രം സമയം കളത്തിലുണ്ടായിരുന്ന താരത്തിന് അതിനിടയിൽ തന്നെ രണ്ടു സുവർണാവസരങ്ങളാണ് ലഭിച്ചത്. അതിൽ ഒരെണ്ണം ബ്ലോക്ക് ചെയ്യപ്പെട്ടപ്പോൾ ക്ലോസ് റേഞ്ചിൽ നിന്നും ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച ഒരവസരം താരം പുറത്തേക്കടിച്ചു കളഞ്ഞു. മത്സരത്തിന് ശേഷം അതിന്റെ നിരാശ താരത്തിന്റെ മുഖത്ത് പ്രകടനമായിരുന്നു.

രണ്ട് അവസരങ്ങൾ തുലച്ചു കളഞ്ഞെങ്കിലും പതിനെട്ടു വയസ് മാത്രം പ്രായമുള്ള താരം പ്രതീക്ഷ നൽകുന്ന പ്രകടനമാണ് നടത്തിയത്. സ്‌പേസുകൾ കൃത്യമായി ഉപയോഗിക്കാനും എതിരാളികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാനും താരത്തിന് കഴിഞ്ഞു. കൂടുതൽ അവസരങ്ങൾ ലഭിച്ച് പരിചയസമ്പത്ത് വരുമ്പോൾ റോക്യൂ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Vitor Roque Missed Two Chances On Barcelona Debut