അതുപോലൊരു അനുഭവം കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും മാത്രമാണ് ലഭിച്ചിട്ടുള്ളത്, ആരാധകക്കരുത്തിനെ പ്രശംസിച്ച് സന്ദേശ് ജിങ്കൻ | Sandesh Jhingan

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു സന്ദേശ് ജിങ്കൻ. ക്ലബ് ആരംഭിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ തുടങ്ങിയ ആദ്യത്തെ സീസൺ മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന താരം ആത്മാർത്ഥമായ പ്രകടനമാണ് കളിക്കളത്തിൽ നടത്തിയിരുന്നത്. റൈറ്റ് ബാക്കായി തുടങ്ങി പിന്നീട് സെന്റർ ബാക്കായി മാറിയ താരത്തിന്റെ വളർച്ചക്ക് ബ്ലാസ്റ്റേഴ്‌സും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു മോഹൻ ബഗാനിലേക്ക് ചേക്കേറിയത് 2020ലാണ്. താരത്തിന്റെ ഇരുപത്തിയൊന്നാം നമ്പർ ജേഴ്‌സി റിട്ടയർ ചെയ്‌താണ്‌ ബ്ലാസ്റ്റേഴ്‌സ് ജിങ്കനോടുള്ള ആദരവ് വെളിപ്പെടുത്തിയത്. എന്നാൽ അതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ രോഷം ജിങ്കൻ അനുഭവിക്കേണ്ടി വന്നു. ഒരു മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ടീമിനെ കൊച്ചാക്കിയതു പോലെ സംസാരിച്ചതോടെ ആരാധകർ താരത്തിന് എതിരായി.

കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആ വാക്കുകൾക്ക് സന്ദേശ് ജിങ്കൻ ക്ഷമാപണം നടത്തിയിരുന്നു. അതിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും തനിക്ക് ലഭിച്ച വലിയ ഓർമകളെക്കുറിച്ചും താരം സംസാരിക്കുകയുണ്ടായി. പ്രധാനമായും ബ്ലാസ്റ്റേഴ്‌സ് ആരാധകർ തനിക്ക് നൽകിയ മറക്കാനാവാത്ത അനുഭവമാണ് താരം പങ്കു വെച്ചത്.

“കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം എനിക്ക് മികച്ച അനുഭവങ്ങളുണ്ട്. ആ സമയത്ത് ഞാൻ ക്ലബിനായി ഒരു റൈറ്റ് ബാക്കായാണ് കളിച്ചിരുന്നത്. ഞാനോ, അതോ ടീമിലെ സഹതാരമോ ഒരു മത്സരത്തിൽ ഗോൾ നേടുകയുണ്ടായി. ഒരു ഭൂമികുലുക്കം സംഭവിച്ചതു പോലെയാണ് എനിക്കപ്പോൾ അനുഭവപ്പെട്ടത്. ഒരു ഇരുപത്തിയൊന്നുകാരനായ താരത്തെ സംബന്ധിച്ച് അതൊരു മനോഹരമായ അനുഭവമായിരുന്നു.” സന്ദേശ് ജിങ്കൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം രണ്ടു തവണ ഐഎസ്എൽ ഫൈനൽ കളിച്ച താരമായ ജിങ്കന് ടീമിനൊപ്പം ഒരു കിരീടവും സ്വന്തമാക്കാൻ കഴിഞ്ഞില്ലായിരുന്നു. അതിനു ശേഷം മോഹൻ ബഗാൻ ബെംഗളൂരു എന്നീ ക്ലബുകളിൽ കളിച്ച താരം അവർക്കൊപ്പം കിരീടങ്ങൾ സ്വന്തമാക്കി. നിലവിൽ എഫ്‌സി ഗോവയുടെ താരമാണ് മുപ്പതുകാരനായ സന്ദേശ് ജിങ്കൻ.

Sandesh Jhingan Talks About Kerala Blasters Fans