ആ വാക്ക് എന്റെ വായിൽ നിന്നും വരാൻ പാടില്ലായിരുന്നു, ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് ക്ഷമാപണം നടത്തി സന്ദേശ് ജിങ്കൻ | Sandesh Jhingan

കേരള ബ്ലാസ്റ്റേഴ്‌സ് രൂപീകൃതമായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു തുടങ്ങിയപ്പോൾ മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് സന്ദേശ് ജിങ്കൻ. ആദ്യം റൈറ്റ് ബാക്കായും പിന്നീട് സെന്റർ ബാക്കായും കളിച്ചിരുന്ന താരത്തിന്റെ വളർച്ചക്ക് പ്രധാന പങ്കു വഹിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നു. തുടർച്ചയായ ആറു വർഷമാണ് സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിച്ചത്.

ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയായിരുന്നു സന്ദേശ് ജിങ്കൻ. ടീമിന് വേണ്ടി ആത്മാർത്ഥമായ പ്രകടനം നടത്താറുള്ള താരത്തിനെ എല്ലാ ആരാധകർക്കും വളരെ ഇഷ്‌ടമായിരുന്നു. 2020ൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോഴും ആരാധകർ താരത്തെ വളരെയധികം പിന്തുണച്ചിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹത്തെ മുഴുവൻ സന്ദേശ് ജിങ്കൻ പിന്നീട് ഇല്ലാതാക്കുന്നതാണ് കണ്ടത്.

മോഹൻ ബഗാനും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരത്തിന് ശേഷം കൊൽക്കത്ത ക്ലബിന്റെ താരമായിരുന്ന സന്ദേശ് ജിങ്കൻ പറഞ്ഞത് ഞങ്ങൾ പെണ്ണുങ്ങൾക്കെതിരെ കളിച്ചതു പോലെയാണ് തോന്നിയതെന്നാണ്. ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വലിയ രോഷം താരത്തിനെതിരെ ഉയരാൻ കാരണമായി. വർഷങ്ങൾക്ക് മുൻപേ നടന്ന ആ സംഭവത്തിൽ താരം കഴിഞ്ഞ ദിവസം ക്ഷമാപനവുമായി എത്തിയിട്ടുണ്ട്.

“ഓരോ തവണ ഞാൻ മൈതാനത്തേക്ക് വരുമ്പോഴും എനിക്കൊരുപാട് സ്നേഹം നൽകിയ കേരളത്തെയും കൊച്ചിയെയും ഞാൻ ഇഷ്‌ടപ്പെടുന്നു, എന്റെ അമ്മയ്ക്കും കേരളത്തെ ഒരുപാടിഷ്‌ടമാണ്. സംഭവിച്ചത് എന്തു തന്നെയായാലും അതിൽ എന്റെ പിഴവുണ്ടെന്നതിൽ സംശയമില്ല. എന്റെ തെറ്റ് ഞാൻ സമ്മതിക്കുന്നു, ഞാനാ വാക്കുകൾ പറയാൻ പാടില്ലായിരുന്നു. ഞാനും ഒരു മനുഷ്യനാണ്.” കഴിഞ്ഞ ദിവസം ജിങ്കൻ പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിങ്കൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം വിദേശ ക്ലബുകൾക്ക് വേണ്ടിയടക്കം കളിച്ച ജിങ്കൻ നിലവിൽ എഫ്‌സി ഗോവക്ക് വേണ്ടിയാണ് കളിക്കുന്നത്. നിലവിൽ ഇന്ത്യൻ ടീമിനൊപ്പം എഎഫ്‌സി ഏഷ്യൻ കപ്പ് ടൂര്ണമെന്റിനായി തയ്യാറെടുക്കുകയാണ് സന്ദേശ് ജിങ്കൻ.

Sandesh Jhingan Accept His Mistake On Kerala Blasters