മാഞ്ചസ്റ്റർ സിറ്റിയോടു തോറ്റ് ചെൽസി, പരിശീലകന്റെ സ്ഥാനം തെറിക്കാൻ സാധ്യതയേറുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ മോശം ഫോം തുടരുന്നു. ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റിയോടു കീഴടങ്ങിയ ചെൽസി പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തേക്ക് വീണു. ജാക്ക് ഗ്രിലീഷിന്റെ അസിസ്റ്റിൽ റിയാദ് മഹ്‌റസാണ്‌ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ നേടിയത്, രണ്ടു താരങ്ങളും പകരക്കാരായി കളത്തിലിറങ്ങി മൂന്നു മിനിറ്റിനകം തന്നെ വിജയഗോൾ പിറന്നു. മത്സരത്തിലെ വിജയത്തോടെ ആഴ്‌സണലിന് അഞ്ചു പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്തു നിൽക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.

തുടർച്ചയായുള്ള തോൽവികൾ ചെൽസിയെ സംബന്ധിച്ച് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. പ്രീമിയർ ലീഗിലും മറ്റു ടൂർണമെന്റുകളിലുമായി കഴിഞ്ഞ എട്ടു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രം വിജയം നേടിയ ചെൽസി നാലെണ്ണത്തിലും തോൽവി വഴങ്ങി. ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ രണ്ടു മത്സരങ്ങൾക്കു പുറമ ന്യൂകാസിൽ യുണൈറ്റഡ്, ആഴ്‌സണൽ എന്നീ ടീമുകൾക്കെതിരെയാണ് ചെൽസി തോൽവി വഴങ്ങിയത്. വമ്പൻ ടീമുകൾക്കെതിരെ ചെൽസി പതറുന്നത് പുതിയ പരിശീലകൻ ഗ്രഹാം പോട്ടറിന്റെ പദ്ധതികൾ വിജയം കാണുന്നില്ലെന്നതിന്റെ സൂചനയാണ്.

ചെൽസിയുടെ മോശം ഫോം പോട്ടറിന്റെ പരിശീലകസ്ഥാനത്തിനു വലിയ ഭീഷണി സൃഷ്‌ടിക്കുന്നുണ്ട്. ഇനിയുള്ള മത്സരങ്ങളിലും ഫോം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പരിശീലകന്റെ സ്ഥാനം തെറിക്കുമെന്ന വാർത്തകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് മാഞ്ചസ്റ്റർ സിറ്റിയോട് ടീം തോൽവി വഴങ്ങിയത്. അടുത്ത മത്സരത്തിലും ചെൽസി കളിക്കേണ്ടത് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തന്നെയാണ്. എഫ്എ കപ്പിലാണ് ഈ മത്സരം. ഇതിൽ വിജയം നേടിയാൽ പോട്ടർക്ക് തന്റെ ജോലി സംരക്ഷിക്കാൻ കഴിയും. അതല്ലെങ്കിൽ ചിലപ്പോൾ പുറത്തേക്കുള്ള വഴി തുറക്കും.

ഈ സീസണിന്റെ ഇടയിലാണ് തോമസ് ടുഷെലിനെ പുറത്താക്കി ചെൽസി ഗ്രഹാം പോട്ടറിനെ പരിശീലകനായി നിയമിച്ചത്. ബ്രൈറ്റണിൽ മികച്ച പ്രകടനം നടത്തിയ അദ്ദേഹത്തിന്റെ തുടക്കം ഗംഭീരമായിരുന്നു. ആദ്യത്തെ മത്സരത്തിൽ സമനില വഴങ്ങിയ ടീം പിന്നീട് നടന്ന അഞ്ചു മത്സരങ്ങളിലും വിജയം നേടി. പോട്ടർക്ക് കീഴിൽ ചെൽസിയുടെ ആദ്യത്തെ തോൽവി അദ്ദേഹത്തിന്റെ മുൻ ക്ലബായ ബ്രൈറ്റണുമായി ആയിരുന്നു. അതിനു ശേഷമാണ് ടീമിന്റെ ഫോം മോശമാവാൻ തുടങ്ങിയത്. ഇപ്പോൾ ടോപ് ഫോർ ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് ചെൽസി നിൽക്കുന്നത്.

തോമസ് ടുഷെലിനെ പുറത്താക്കിയ തീരുമാനത്തെ ആ സമയത്തു തന്നെ ചെൽസി ആരാധകർ വിമർശിച്ചിരുന്നു. ചെൽസിയുടെ പുതിയ ഉടമയായ ടോഡ് ബോഹ്‍ലി വന്നതിനു ശേഷം ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് ടുഷെൽ പുറത്താക്കപ്പെട്ടത്. ജർമൻ പരിശീലകന് കീഴിൽ ചെൽസി മികച്ച പ്രകടനം നടത്തിയിരുന്നു. ഇനി പോട്ടർ പുറത്താക്കപ്പെട്ടാൽ ആരായിരിക്കും അടുത്ത പരിശീലകനായി എത്തുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.