പോർച്ചുഗൽ സഹതാരത്തെ അൽ നസ്‌റിലെത്തിക്കാൻ റൊണാൾഡോ ശ്രമിക്കുന്നു

ഖത്തർ ലോകകപ്പിനു പിന്നാലെ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറാനുള്ള റൊണാൾഡോയുടെ തീരുമാനം ആരാധകരെ ആശ്ചര്യപ്പെടുത്തിയ കാര്യമായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വീണ്ടും കളിക്കണമെന്ന ആഗ്രഹവുമായി നടന്നിരുന്ന റൊണാൾഡോ അതെല്ലാം ഉപേക്ഷിച്ച് വമ്പൻ തുക പ്രതിഫലം ലഭിക്കുന്ന ഓഫർ തിരഞ്ഞെടുക്കുമെന്ന് ആരും പ്രതീക്ഷിച്ച കാര്യമല്ല. എന്നാൽ അതു തന്നെ സംഭവിച്ചു. ഇനിയൊരിക്കലും യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പിച്ച മട്ടിൽ തന്നെയാണ് റൊണാൾഡോ സൗദി ക്ലബിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയിരിക്കുന്നത്.

സൗദി ക്ലബ്ബിലേക്ക് ചേക്കേറിയതിനു പിന്നാലെ തനിക്കൊപ്പം മികച്ച താരങ്ങളെ അണിനിരത്താനുള്ള ശ്രമങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരംഭിച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ദേശീയ ടീമിലും ക്ലബ് തലത്തിലും തനിക്കൊപ്പം കളിച്ച താരങ്ങളിൽ സാധ്യമായവരെ അൽ നസ്റിൽ എത്തിക്കാനാണ് റൊണാൾഡോ ഒരുങ്ങുന്നത്. അതിൽ ആദ്യത്തെ പേര് പോർച്ചുഗൽ സഹതാരമായ പെപ്പെയുടേതാണ്. പോർച്ചുഗൽ ടീമിനു പുറമെ റയൽ മാഡ്രിഡിലും തനിക്കൊപ്പം ഒരുമിച്ച് കളിച്ച പെപ്പെയെ അൽ നസ്റിൽ എത്തിക്കാനുള്ള ശ്രമങ്ങൾ റൊണാൾഡോ ആരംഭിച്ചിട്ടുണ്ട്.

പോർച്ചുഗലിന്റെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന പെപ്പെ നിലവിൽ പോർച്ചുഗീസ് ക്ലബായ പോർട്ടോയിലാണ് കളിക്കുന്നത്. മുപ്പത്തിയൊമ്പതാം വയസിലും മികച്ച പ്രകടനം നടത്തുന്ന താരം കരിയറിന്റെ അവസാന കാലഘട്ടത്തിൽ എത്തിയെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ കൂടുതൽ പ്രതിഫലം ലഭിക്കുന്ന സൗദിയിൽ കളിച്ച് ഫുട്ബോളിൽ നിന്നും വിരമിക്കാമെന്ന തീരുമാനമെടുക്കാനും സാധ്യതയുണ്ട്. റൊണാൾഡോയും സൗദിയിൽ ഉള്ളതിനാൽ പെപ്പെ ഈ ഓഫർ സ്വീകരിക്കുമെന്നു തന്നെ കരുതാം.

ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം എന്നും നിന്നിട്ടുള്ള താരമാണ് പെപ്പെ. റയൽ മാഡ്രിഡിലും പോർച്ചുഗൽ ടീമിലുമായി നിരവധി മത്സരങ്ങൾ ഒരുമിച്ച് കളിച്ച അവർ യൂറോ കപ്പ് സ്വന്തമാക്കി. ലോകകപ്പിലെ ഒരു മത്സരത്തിൽ പകരക്കാരനായിരുന്ന റൊണാൾഡോ കളത്തിലിറങ്ങിയപ്പോൾ തന്റെ കയ്യിലുണ്ടായിരുന്ന ക്യാപ്റ്റൻ ആംബാൻഡ്‌ ഉടനെ തന്നെ പെപ്പെ റൊണാൾഡോക്ക് നൽകി. അതു താരത്തോടുള്ള ബഹുമാനം വ്യക്തമാക്കുന്ന കാര്യമായിരുന്നു. പെപ്പെ ഗോളടിച്ചപ്പോൾ മതിമറന്ന് ആഘോഷിക്കുന്ന റൊണാൾഡോയെയും ലോകകപ്പിൽ കണ്ടു.

രണ്ടു താരങ്ങളും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഫെബ്രുവരിയിൽ നാൽപതു വയസു തികയുന്ന താരമാണ് പെപ്പെ എങ്കിലും ഇനിയും ടോപ് ലെവൽ ഫുട്ബോളിൽ കളിക്കാനുള്ള ഊർജ്ജം തന്റെ കൈവശമുണ്ടെന്ന് താരം ലോകകപ്പിലും പോർട്ടോക്കൊപ്പവും തെളിയിക്കുന്നു. അതുകൊണ്ടു തന്നെ താരവും റൊണാൾഡോയും ഒരുമിക്കാനുള്ള വലിയ സാധ്യതയുണ്ട്. മറ്റൊരു റയൽ മാഡ്രിഡ് താരമായ സെർജിയോ റാമോസിനെയും അൽ നസ്ർ നോട്ടമിടുന്നുണ്ടെന്ന അഭ്യൂഹങ്ങളെയും ഇതിനൊപ്പം ചേർത്തു വായിക്കാം.