അവസാനത്തെ അഞ്ചു മത്സരങ്ങളിൽ ആറു ഗോളും ഒരു അസിസ്റ്റും, മിന്നും പ്രകടനവുമായി ക്വാമേ പെപ്ര

കഴിഞ്ഞ സീസണിന് മുന്നോടിയായി ടീമിലെത്തുകയും തന്റെ ഫോം കണ്ടെത്താൻ കുറച്ച് സമയമെടുക്കുകയും ചെയ്‌ത താരമായ ക്വാമേ പെപ്ര. ടീമിനോട് ഇണങ്ങിച്ചേർന്ന് മികച്ച പ്രകടനം നടത്താൻ തുടങ്ങിയപ്പോഴേക്കും പരിക്ക് താരത്തെ വേട്ടയാടി. ജനുവരിയിൽ പരിക്കേറ്റ താരത്തിന് കഴിഞ്ഞ സീസണിൽ പിന്നീടൊരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ കഴിഞ്ഞില്ല.

പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെ എത്തിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയുള്ള വിദേശതാരങ്ങളിൽ ഒരാളായി പെപ്രയുടെ പേരും ഉയർന്നു കേട്ടിരുന്നു. തായ്‌ലൻഡിലെ പ്രീ സീസൺ ക്യാമ്പ് കഴിഞ്ഞപ്പോഴും അഭ്യൂഹങ്ങൾ തുടർന്നു. ഘാന താരത്തെ ലോണിൽ വിടാനുള്ള പദ്ധതിയാണ് കേരള ബ്ലാസ്റ്റേഴ്‌സിനെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

എന്നാൽ ടീമിന് വേണ്ടി ഗംഭീര പ്രകടനമാണ് പെപ്ര നടത്തുന്നത്. ഇന്നലെ ഡ്യൂറൻഡ് കപ്പിലെ ആദ്യത്തെ മത്സരത്തിൽ ഹാട്രിക്ക് നേടിയതോടെ പ്രീ സീസൺ മത്സരങ്ങളടക്കം നോക്കിയാൽ അവസാനത്തെ അഞ്ചു മത്സരങ്ങളിൽ നിന്നും ആറു ഗോളുകളും ഒരു അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്. തന്നെ വിട്ടുകളഞ്ഞാൽ അത് മണ്ടത്തരമാകുമെന്ന വ്യക്തമായ സൂചന താരം നൽകുന്നു.

കഴിഞ്ഞ സീസണിൽ തന്റെ പ്രെസിങ് കൊണ്ട് ഏവരെയും ഞെട്ടിച്ച താരമാണ് പെപ്ര. ടീമുമായി ഇണങ്ങിച്ചേർന്നാൽ ബോക്‌സിനുള്ളിൽ അപകടം വിതക്കാൻ പെപ്രക്ക് കഴിയും. അതുപോലെ കരുത്തനായ താരത്തെ പിടിച്ചു നിർത്തുക എതിരാളികൾക്ക് ബുദ്ധിമുട്ടുമാണ്. ഈ പ്രകടനം കൊണ്ട് ബ്ലാസ്റ്റേഴ്‌സ് താരത്തെ നിലനിർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ജോഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയതിനാൽ ബ്ലാസ്റ്റേഴ്‌സ് സീസണിന് മുൻപ് മറ്റൊരു വിദേശതാരത്തെ കൂടി സ്വന്തമാക്കുമെന്നുറപ്പാണ്. അതൊരു സ്‌ട്രൈക്കർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പെപ്രയെ ലോണിൽ വിടാനാണ് പദ്ധതിയെങ്കിൽ കരാർ പുതുക്കിയതിനു ശേഷം അത് ചെയ്യുന്നതായിരിക്കും ഉചിതം. അല്ലെങ്കിൽ മികച്ച മറ്റൊരു സ്‌ട്രൈക്കറെ കൂടി ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകും.