അന്നു കോപ്പ അമേരിക്ക കിരീടവുമായി അർജന്റീന ആരാധകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞു, നാളെ മെസി ഉയർത്താൻ പോകുന്നത് ലോകകപ്പ്

ക്ലബ് തലത്തിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി, ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണം പലരും ചാർത്തിക്കൊടുത്തിട്ടും ലയണൽ മെസിയെ വിമർശകർ വേട്ടയാടിയിരുന്നത് താരത്തിന് ഇന്റർനാഷണൽ കിരീടങ്ങൾ ഇല്ലെന്ന പേരു പറഞ്ഞായിരുന്നു. നിരവധി തവണ തൊട്ടരികിലെത്തി കാലിടറിയതിന്റെ നിരാശയിൽ വീണു പോയെങ്കിലും അതിൽ തളരാതെ ഉയർത്തെഴുന്നേറ്റു നിന്ന് പൊരുതി മെസി എല്ലാ നേട്ടങ്ങളും ഇപ്പോൾ സ്വന്തമാക്കി.

2021ൽ നടന്ന കോപ്പ അമേരിക്ക കിരീടമാണ് മെസി ആദ്യം സ്വന്തമാക്കിയത്. ബ്രസീലിൽ വെച്ച് നടന്ന ടൂർണമെന്റിൽ ആധികാരികമായി തന്നെയാണ് അർജന്റീന വിജയം നേടിയത്. അതിനു ശേഷം അർജന്റീനയിൽ വെച്ച് ആദ്യമായി നടന്ന മത്സരത്തിൽ തന്റെ കിരീടം ഉയർത്തിക്കാണിക്കുന്നതിന് മുന്നോടിയായി മെസിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്നു. രാജ്യത്തിനായി കിരീടം നേടിയതിൽ ആരാധകർ നൽകിയ ആദരവ് കണ്ടാണ് മെസിയുടെ കണ്ണുകൾ നിറഞ്ഞത്.

അതിനു ശേഷം ഫൈനലിസിമ കിരീടം അർജന്റീനക്കൊപ്പം സ്വന്തമാക്കിയ മെസി കഴിഞ്ഞ ഡിസംബറിൽ ആരാധകരുടെയും തന്റെയും ചിരകാല സ്വപ്‌നം പൂവണിയിച്ചു. ഫ്രാൻസിനെ തകർത്ത് ലോകകപ്പ് ഫൈനലിൽ അർജന്റീന വിജയിച്ച് മുപ്പത്തിയാറു വർഷത്തിനു ശേഷം ആദ്യത്തെ ലോകകപ്പ് ഉയർത്തി. അതിനു ശേഷം അർജന്റീനയിൽ എത്തിയ മെസിക്കും മറ്റു ഹീറോകൾക്കും ആവേശകരമായ സ്വീകരണമാണ് അർജന്റീന നൽകിയത്.

നാളെ ചരിത്രമുറങ്ങിക്കിടക്കുന്ന എൽ മോന്യൂമെന്റൽ സ്റ്റേഡിയത്തിൽ ലയണൽ മെസി തന്റെ ജനതക്ക് മുന്നിൽ ലോകകപ്പ് ഉയർത്താൻ പോവുകയാണ്. ഒരു ജനതയുടെ സ്വപ്‌നം സാക്ഷാത്കരിച്ച നായകനെ ഒരു സ്റ്റേഡിയം മുഴുവൻ വൈകാരികമായ കയ്യടികളോടെയും ആദരവോടെയും സ്വീകരിക്കുമ്പോൾ ആ കണ്ണുകൾ വീണ്ടും നിറഞ്ഞേക്കാം. എന്നാൽ അത് തന്റെ രാജ്യത്തിന് എല്ലാം നൽകിയതിന്റെ ആത്മനിർവൃതി നിറഞ്ഞു തുളുമ്പുന്നതിന്റെ കണ്ണീർ തന്നെയാകും.