ബ്രസീൽ ടീമിന് പുതിയ നായകൻ, കിരീടങ്ങൾ ലക്ഷ്യമിട്ട് പുതിയൊരു തലമുറ ഒരുങ്ങുന്നു

ഖത്തർ ലോകകപ്പിൽ കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ടീമാണ് ബ്രസീലെങ്കിലും അതിനവർക്ക് കഴിഞ്ഞില്ല. ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങിയാണ് ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തു പോകുന്നത്. 2002 ലോകകപ്പിൽ കിരീടം നേടിയതിനു ശേഷം പിന്നീടൊരു ലോകകപ്പിൽ പോലും ഫൈനൽ കളിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്ന മോശം റെക്കോർഡും ഇതോടെ കാനറികൾക്ക് സ്വന്തമായി.

പിഴവുകൾ തിരുത്തി അടുത്ത ലോകകപ്പ് ലക്ഷ്യമിട്ട് ഒരുങ്ങുകയാണ് ബ്രസീൽ ടീം. ഇന്റർനാഷണൽ ബ്രേക്കിൽ ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായി നാലാം സ്ഥാനത്തെത്തിയ മൊറോക്കോയെയാണ് ബ്രസീൽ നേരിടുന്നത്. ഖത്തർ ലോകകപ്പിന് ശേഷം ടിറ്റെ സ്ഥാനമൊഴിഞ്ഞതിനു പകരക്കാരനായി പുതിയ പരിശീലകനെ നിയമിച്ചിട്ടില്ലാത്ത ബ്രസീൽ ടീമിനെ യൂത്ത് ടീമിനെ സൗത്ത് അമേരിക്ക ചാമ്പ്യൻഷിപ്പ് നേട്ടത്തിലേക്ക് നയിച്ച റോമൻ മെനസസ് ആണു നയിക്കുന്നത്.

അതിനിടയിൽ ഈ മത്സരത്തിൽ ബ്രസീലിനെ നയിക്കാൻ പുതിയ നായകനെ തീരുമാനിച്ചുവെന്നാണ് ഗ്ലോബോ റിപ്പോർട്ടു ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ കാസമെറോയെയാണ് ടീമിന്റെ നായകനായി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ബ്രസീൽ ടീമിൽ ഒരു തലമുറമാറ്റം സംഭവിക്കുന്നതിന്റെ തുടക്കം ആവുകയാണ്. ടിറ്റെക്ക് കീഴിൽ ഉണ്ടായിരുന്ന പല താരങ്ങളെയും ഒഴിവാക്കിയാവും അടുത്ത ലോകകപ്പിലേക്കുള്ള ബ്രസീൽ ടീമിനെ പുതിയ പരിശീലകൻ ഒരുക്കുക.

ഇതിനു മുൻപ് ബ്രസീൽ ടീമിനെ പതിനൊന്നു തവണ കസമീറോ നയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ഇക്വഡോറിനെതിരെയുള്ള മത്സരത്തിലാണ് അവസാനമായി താരം ബ്രസീൽ ടീമിന്റെ നായകനായത്. ബ്രസീൽ ടീമിനെ മികച്ച രീതിയിൽ നയിച്ചാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിനും ആശ്വാസമാകും. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ചൊരു നായകൻ ഇല്ലെന്നതിനു കൂടി അത് അവസാനം കുറിക്കാൻ സാധ്യതയുണ്ട്.