ആരാധകർക്ക് സർപ്രൈസുമായി സ്‌കലോണിയുടെ മാസ്റ്റർപ്ലാൻ, അടുത്ത ലോകകപ്പ് ലക്‌ഷ്യം വെച്ചുള്ള പണികൾ ഇപ്പോഴേ തുടങ്ങി

2018 ലോകകപ്പിൽ അർജന്റീന പ്രീ ക്വാർട്ടറിൽ പുറത്തായതിനു ശേഷം ടീമിന്റെ താൽക്കാലിക പരിശീലകനായി സ്ഥാനമേറ്റെടുത്ത ലയണൽ സ്‌കലോണി അതിനു ശേഷമുള്ള മത്സരങ്ങളിലെല്ലാം നിരവധിയായ താരങ്ങളെ പരീക്ഷിച്ചു കൊണ്ടിരുന്നു. തന്റെ പദ്ധതികൾക്ക് വേണ്ട താരങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു അത്. സ്‌കലോണിയുടെ പദ്ധതികൾ വിജയം കണ്ടതു കൊണ്ടാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സാധ്യമായ മൂന്നു കിരീടങ്ങളും അർജന്റീന സ്വന്തമാക്കിയത്.

അടുത്ത ലോകകപ്പ് ആരംഭിക്കാൻ ഇനി മൂന്നു വർഷത്തിലധികം ബാക്കിയുണ്ടെങ്കിലും തന്റെ പ്രവർത്തനങ്ങൾ സ്‌കലോണി ഇപ്പോൾ തന്നെ തുടങ്ങിയെന്നു വേണം കരുതാൻ. നേരത്തെ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനയുടെ രണ്ടു മത്സരങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോൾ അർജന്റീന അതിനു പുറമെ ഒരു മത്സരം കൂടി കളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റിനെതിരെയാണ് മൂന്നാമത്തെ മത്സരം കളിക്കുകയെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നാളെ നടക്കാനിരിക്കുന്ന പനാമക്കെതിരായ മത്സരത്തിന് ശേഷമാണ് അർജന്റീന റിവർപ്ലേറ്റിനോട് മത്സരം കളിക്കുക. പനാമക്കെതിരെ ലോകകപ്പിന് ശേഷം അർജന്റീന കളിക്കുന്ന ആദ്യത്തെ മത്സരമാണ്. നിരവധി യുവതാരങ്ങൾ അടങ്ങിയ സ്‌ക്വാഡിലെ എല്ലാവർക്കും ആ മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചെന്നു വരില്ല. പനാമക്കെതിരെ കളിക്കാൻ അവസരം ലഭിക്കാത്ത താരങ്ങളാകും റിവർപ്ലേറ്റുമായി ഏറ്റുമുട്ടാൻ ഇറങ്ങുക.

വെറുമൊരു മത്സരം എന്നു തോന്നുമെങ്കിലും അതിലൂടെ തനിക്ക് വേണ്ട താരങ്ങളുടെ കഴിവുകൾ വിശകലനം ചെയ്യുകയാണ് അർജന്റീന പരിശീലകൻ ഉദ്ദേശിക്കുന്നത്. ഖത്തർ ലോകകപ്പിൽ കളിച്ച നിരവധി താരങ്ങൾ അടുത്ത ലോകകപ്പിൽ ഉണ്ടാകാനുള്ള സാധ്യതയില്ല. അവർക്ക് പകരക്കാരായ താരങ്ങളെ കണ്ടെത്തി തന്റെ പദ്ധതികൾക്ക് അനുയോജ്യരാക്കി മാറ്റാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. കഴിഞ്ഞ ലോകകപ്പിന് ശേഷം ചെയ്‌ത പ്രവർത്തനങ്ങളുടെ ആവർത്തനമാണിതും.

അടുത്ത വർഷം കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കാനിരിക്കെ പ്രായക്കൂടുതലുള്ള താരങ്ങളും അതിൽ കളിക്കുമെന്നാണ് കരുതാവുന്നത്. എന്നാൽ അതിനപ്പുറത്തുളള ലോകകപ്പിൽ ഈ താരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയില്ല. അതുകൊണ്ടു തന്ന ഇപ്പോൾ തന്നെ പുതിയ താരങ്ങളെ വളർത്തിയെടുക്കാൻ വേണ്ടി സ്‌കലോണി നടത്തുന്ന ശ്രമങ്ങൾ വളരെ പ്രശംസയർഹിക്കുന്ന ഒന്നാണ്.