“ഈ മോശം സമീപനം ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനത്ത് മാത്രം, മറ്റുള്ളവരുടെ മുന്നിൽ ഞാൻ നാണം കെടുകയാണ്”- മലയാളി താരം ആഷിക് കുരുണിയൻ പറയുന്നു

ഇത്തവണ ഇന്ത്യൻ സൂപ്പർലീഗ് കിരീടം നേടിയ എടികെ മോഹൻ ബഗാൻ ടീമിലെ മലയാളി സാന്നിധ്യമായിരുന്നു മലപ്പുറത്തുകാരനായ ആഷിക് കുരുണിയൻ. കേരളത്തിന്റെ അഭിമാനതാരമാണെങ്കിലും എതിരാളികൾക്ക് വേണ്ടി കളിക്കുന്ന കാരണത്താൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നും ഒരുപാട് അധിക്ഷേപങ്ങൾ താരം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് ആഷിക് കുരുണിയൻ സംസാരിക്കുകയുണ്ടായി.

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഉയർത്തുന്ന ചാന്റുകളും ,മറ്റും അതിരു കടക്കുന്നതാണോ എന്ന ചോദ്യത്തിന് ആഷിക്കിന്റെ മറുപടി ഇങ്ങിനെയായിരുന്നു. “എതിർടീമിലെ മലയാളികളെ തിരഞ്ഞു പിടിച്ച് അധിക്ഷേപിക്കുന്ന രീതി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ മാത്രമേ കണ്ടിട്ടുള്ളൂ. വ്യക്തിപരമായ അധിക്ഷേപങ്ങൾ മറ്റുള്ള ടീമിന്റെ ആരാധകർ നടത്താറില്ല.”

“വളരെ മികച്ച ഫുട്ബോൾ സംസ്‌കാരമുള്ള ഒരു സംസ്ഥാനത്തിൽ നിന്നാണ് വരുന്നതെന്ന കാര്യത്തിൽ ഞാൻ അഭിമാനം കൊണ്ടിരുന്നു. എന്നാൽ എന്റെ കൂടെയുള്ളവർ എന്താണ് കേരളത്തിൽ മാത്രം ഇങ്ങിനെ സംഭവിക്കുന്നതെന്നു ചോദിക്കുമ്പോൾ എനിക്ക് നാണക്കേട് കൊണ്ട് തല കുനിക്കേണ്ട അവസ്ഥയാണ് വരുന്നത്.” ഈ സീസണിൽ കൊച്ചിയിൽ കളിക്കാൻ വന്നപ്പോൾ അധിക്ഷേപങ്ങൾക്ക് ഇരയായ ആഷിഖ് പറഞ്ഞു.

നിലവിൽ പരിക്കിന്റെ പിടിയിലുള്ള താരം സൂപ്പർകപ്പിനായി ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. കോഴിക്കോട് വെച്ചാണ് തന്റെ ടീമിന്റെ മത്സരങ്ങൾ നടക്കുന്നതെന്നത് സന്തോഷമുള്ള കാര്യമാണെന്നും എല്ലാവരും മത്സരം കാണാനെത്തി പിന്തുണ നൽകണമെന്നും താരം പറഞ്ഞു. പരിക്ക് കാരണം ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളിലും കളിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.