ക്രിക്കറ്റ് ജ്വരമുള്ള നാട്ടിൽ ഐഎസ്എൽ ക്ലബുകളെയും മറികടന്ന ആരാധകക്കരുത്ത്, അർഹിച്ച പുരസ്‌കാരം സ്വന്തമാക്കി മഞ്ഞപ്പട

ഇന്ത്യയിൽ വേരോട്ടമുള്ള കായിക ഇനങ്ങളിൽ ക്രിക്കറ്റ് ബഹുദൂരം മുന്നിലാണ്. ക്രിക്കറ്റിനോടുള്ള ഈ പ്രേമം കൊണ്ടു തന്നെ ഭൂരിഭാഗം രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഫുട്ബോളിനു വളർച്ച കുറവാണ്. എന്നാൽ കേരളത്തിൽ അതല്ല സ്ഥിതിയെന്നു പലർക്കും അറിയാവുന്ന കാര്യമാണ്.

ക്രിക്കറ്റിനുള്ളത് പോലെത്തന്നെ കേരളത്തിൽ ഫുട്ബോളിനും വേരോട്ടമുണ്ട്. അതിന്റെ തെളിവാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനു ലഭിക്കുന്ന പിന്തുണ. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻബേസ് ഏതാണെന്നു ചോദിച്ചാൽ സംശയമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്ന് പറയാം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ഫാൻ ഗ്രൂപ്പായ മഞ്ഞപ്പട കഴിഞ്ഞ ദിവസം ഒരു പുരസ്‌കാരം നേടുകയുണ്ടായി. ഇന്ത്യൻ സ്പോർട്ട്സ് ഹോണേഴ്‌സ് കഴിഞ്ഞ ദിവസം നൽകിയ നിരവധി അവാർഡുകളിൽ ഈ വർഷത്തെ ഏറ്റവും മികച്ച ഫാൻ ക്ലബിനുള്ള പുരസ്‌കാരമാണ് മഞ്ഞപ്പട നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് മാത്രമല്ല, ഇന്ത്യൻ ഫുട്ബോൾ ടീമിന് വിദേശരാജ്യങ്ങളിൽ അടക്കം പിന്തുണ നൽകുന്നതിന് മഞ്ഞപ്പട മുന്നിട്ടു നിൽക്കുന്നു. അതുകൊണ്ടാണ് ഐപിഎല്ലിലെ വമ്പൻ ടീമുകളുടെ ഫാൻസിനെ തള്ളി മഞ്ഞപ്പട പുരസ്‌കാരം സ്വന്തമാക്കിയത്.

ആരാധകരുടെ കരുത്തിൽ മഞ്ഞപ്പട പുരസ്‌കാരങ്ങൾ നേടുമ്പോൾ അവരുടെ ഏറ്റവും വലിയ ആഗ്രഹമായ ഒരു കിരീടം ഇതുവരെ ബ്ലാസ്റ്റേഴ്‌സ് നേടിയിട്ടില്ല. പത്ത് വർഷമായി കിരീടമില്ലെങ്കിലും ടീമിന് നൽകുന്ന പിന്തുണയ്ക്ക് യാതൊരു കുറവും വരുത്തുന്നില്ലെന്നതാണ് മഞ്ഞപ്പടയുടെ നിലവാരം.