നടത്തിയത് 11 സേവുകൾ, ബ്രസീലിനെ തളച്ച മത്സരത്തിൽ ഹീറോയായി അമേരിക്കൻ ഗോൾകീപ്പർ മാറ്റ് ടെർണർ

കോപ്പ അമേരിക്കക്ക് മുന്നോടിയായി ഇന്ന് പുലർച്ചെ നടന്ന മത്സരം ബ്രസീലിനെ സംബന്ധിച്ച് നിരാശയാണ് സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിൽ മെക്‌സിക്കോക്കെതിരെ വിജയം നേടിയ ബ്രസീൽ ഇന്ന് നടന്ന മത്സരത്തിൽ കോപ്പ അമേരിക്കയുടെ ആതിഥേയരായ യുഎസ്എക്കെതിരെ സമനില വഴങ്ങുകയായിരുന്നു. രണ്ടു ടീമും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.

മത്സരത്തിന്റെ പതിനേഴാം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് താരം റോഡ്രിഗോയിലൂടെ ബ്രസീൽ മുന്നിലെത്തി ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ല. മുൻ ചെൽസി താരം ക്രിസ്റ്റ്യൻ പുലിസിച്ചിലൂടെ യുഎസ്എ മത്സരത്തിൽ ഒപ്പമെത്തി. അതിനു ശേഷം മികച്ച പോരാട്ടം നടന്നെങ്കിലും രണ്ടു ടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.

ബ്രസീലിനെ സംബന്ധിച്ച് വിജയം നേടുന്നതിൽ തടസം നിന്നത് യുഎസ്എയുടെ ഗോൾകീപ്പറായ മാറ്റ് ടെർണറാണ്. പ്രീമിയർ ലീഗ് ക്ലബായ നോട്ടിംഗ്ഹാമിന് വേണ്ടി കളിക്കുന്ന ഇരുപത്തിയൊമ്പതുകാരൻ അപാരമായ ഫോമിലായിരുന്നു. പതിനൊന്നു സേവുകൾ നടത്തിയ ടെർണർ തടുത്തിട്ട ഏഴു ഷോട്ടുകളും ബോക്‌സിന്റെ ഉള്ളിൽ നിന്നുള്ളവയായിരുന്നു.

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ കോപ്പ അമേരിക്കക്ക് കോൺകാഫ് മേഖലയിലെ രാജ്യങ്ങൾ കൂടി പങ്കെടുക്കുന്നുണ്ട്. സ്വന്തം രാജ്യത്ത് വെച്ച് നടക്കുന്ന ടൂർണമെന്റിൽ കരുത്ത് കാണിക്കാൻ കഴിയുമെന്ന് ബ്രസീലിനെതിരെ യുഎസ്എ തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇത്തവണ കോപ്പയിലെ പോരാട്ടം കൂടുതൽ കടുക്കുമെന്നതിൽ സംശയമില്ല.

ബ്രസീലിനെ സംബന്ധിച്ച് ഈ സമനില നിരാശപ്പെടുത്തുന്ന ഫലം തന്നെയാണ്. മൊത്തം ഇരുപത്തിയഞ്ചു ഷോട്ടുകൾ ഉതിർത്ത് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചിട്ടും വിജയം നേടാൻ അവർക്ക് കഴിഞ്ഞില്ല. കോപ്പ അമേരിക്ക കിരീടം നേടാൻ ടീമും ടീമിന്റെ പദ്ധതികളും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.