ലോകകപ്പ് നേടിയ സ്‌പാനിഷ്‌ ഇതിഹാസം ഇന്ത്യയിലേക്ക്, ഐഎസ്എൽ വമ്പൻമാരുടെ തകർപ്പൻ നീക്കം

ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ഞെട്ടിക്കുന്ന നീക്കവുമായി ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാൻ. അടുത്ത സീസണിലേക്കു ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി ലോകകപ്പ് അടക്കം സാധ്യമായ മിക്ക കിരീടങ്ങളും സ്വന്തമാക്കിയ സ്‌പാനിഷ്‌ ഇതിഹാസത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.

മോഹൻ ബഗാൻ ഫാൻ ഗ്രൂപ്പിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം മുൻ ബയേൺ മ്യൂണിക്ക് താരമായ ഹാവി മാർട്ടിനസിനെയാണ് അവർ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. നിലവിൽ ഖത്തരി ക്ലബായ ഖത്തർ സ്പോർട്ടിങ് ക്ലബിലാണ് മുപ്പത്തിയഞ്ചുകാരനായ താരം കളിക്കുന്നത്. മിഡ്‌ഫീൽഡിൽ എല്ലാ പൊസിഷനിലും കളിക്കാൻ കഴിയുന്ന മാർട്ടിനസിന്റെ പ്രധാന പൊസിഷൻ ഡിഫെൻസിവ് മിഡ്‌ഫീൽഡാണ്.

ഒസാസുന അടക്കമുള്ള സ്‌പാനിഷ്‌ ടീമുകളുടെ യൂത്ത് അക്കാദമിയിലൂടെ വന്ന ഹാവി മാർട്ടിനസ് പിന്നീട് അത്ലറ്റികോ ബിൽബാവോയിലേക്ക് ചേക്കേറി. 2012 മുതൽ ആറു വർഷത്തോളം അവർക്കൊപ്പം ചിലവഴിച്ച താരത്തെ പിന്നീട് ബയേൺ മ്യൂണിക്ക് സ്വന്തമാക്കി. 2012 മുതൽ 2021 വരെ ബയേൺ മ്യൂണിക്കിനൊപ്പം തുടർന്ന് എല്ലാ കിരീടങ്ങളും സ്വന്തമാക്കിയാണ് മാർട്ടിനസ് ക്ലബ് വിടുന്നത്.

ബയേൺ മ്യൂണിക്കിനൊപ്പം ഒൻപത് ലീഗ് കിരീടങ്ങളും രണ്ടു ചാമ്പ്യൻസ് ലീഗും അടക്കം നിരവധി കിരീടങ്ങൾ ഹാവി മാർട്ടിനസ് സ്വന്തമാക്കിയിട്ടുണ്ട്. ബുസ്‌ക്വറ്റ്‌സിന്റെ സാന്നിധ്യം കാരണം സ്പെയിൻ ടീമിൽ അവസരങ്ങൾ കുറവായിരുന്ന മാർട്ടിനസ് 18 മത്സരങ്ങളെ കളിച്ചിട്ടുള്ളൂവെങ്കിലും ഫിഫ ലോകകപ്പ്, യൂറോ കപ്പ് എന്നീ കിരീടങ്ങൾ സ്വന്തമാക്കി.

ഹാവി മാർട്ടിനസിനെ മോഹൻ ബഗാൻ സ്വന്തമാക്കുകയാണെങ്കിൽ ഐഎസ്എല്ലിൽ കളിക്കുന്ന ഏറ്റവും നേട്ടങ്ങൾ സ്വന്തമാക്കിയ കളിക്കാരിലൊരാളായിരിക്കും താരം. ഒരു വമ്പൻ സൈനിങ്‌ മോഹൻ ബഗാൻ നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുൻ റയൽ മാഡ്രിഡ് താരം ജെസെയെയും അവർ നോട്ടമിട്ടിരുന്നു.