ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനം കൊണ്ടൊരു കാര്യവുമില്ല, ബ്രസീലിനെ ഞെട്ടിച്ച് മൊറോക്കൻ കുതിരകൾ

അർജന്റീന ലോകചാമ്പ്യന്മാരാണെങ്കിലും ഫുട്ബാൾ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ബ്രസീലാണ്. എന്നാൽ ഇന്ന് പുലർച്ചെ നടന്ന സൗഹൃദമത്സരത്തിൽ ഖത്തർ ലോകകപ്പിൽ ചരിത്രമെഴുതിയ മൊറോക്കൻ ടീം ഒന്നാം നമ്പർ ടീമിനെ വീഴ്ത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മൊറോക്കോയിൽ വെച്ച് നടന്ന മത്സരത്തിൽ ബ്രസീൽ തോൽവി വഴങ്ങിയത്. ബ്രസീലിനെതിരെ മൊറോക്കൻ ടീം നേടുന്ന ആദ്യത്തെ വിജയമാണ് ഇന്നത്തേത്.

മത്സരത്തിൽ രണ്ടു ടീമുകളും മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ബ്രസീൽ മത്സരത്തിലേക്ക് വരാൻ മൊറോക്കോയുടെ ഗോൾ വേണ്ടി വന്നു. ഇരുപത്തിയെട്ടാം മിനുട്ടിൽ സോഫിയാനെ ബൗഫലാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. അതിനു ശേഷം ബ്രസീലിന്റെ ആക്രമണങ്ങൾക്ക് ശക്തി കൂടിയെങ്കിലും ആദ്യപകുതിയിൽ ഗോളുകൾ അകന്നു നിന്നു. മൊറോക്കൻ ആരാധകർ ഒരുക്കിയ മികച്ച അന്തരീക്ഷം ബ്രസീലിനു കാര്യങ്ങൾ ദുഷ്‌കരമാക്കി.

അറുപത്തിയേഴാം മിനുട്ടിലാണ് ബ്രസീൽ സമനില ഗോൾ നേടുന്നത്. കസമീറോ ബോക്‌സിന് പുറത്തു നിന്നും എടുത്ത ഷോട്ട് അനായാസം കൈപ്പിടിയിൽ ഒതുക്കാമായിരുന്നിട്ടും ഗോൾകീപ്പർ ബോണോക്ക് പിഴച്ചു. താരത്തിന്റെ കയ്യിൽ നിന്നും വഴുതിപ്പോയ പന്ത് വലയിലെത്തി. ഇതോടെ മത്സരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ ബ്രസീലിനു വന്നെങ്കിലും പത്ത് മിനുട്ടിനു ശേഷം സാബ്രി നേടിയ മനോഹരമായ ഗോൾ മൊറോക്കോക്ക് വിജയം നേടിക്കൊടുത്തു.

ബ്രസീൽ ടീമിൽ സ്ഥിരം ഇലവനിൽ ഇറങ്ങുന്ന താരങ്ങൾ കുറവാണെന്നത് അവരുടെ പ്രകടനത്തെ ബാധിച്ചു. എഡർ മിലിറ്റാവോ, കസമീറോ, പക്വറ്റ, വിനീഷ്യസ് എന്നിവർ മാത്രമാണ് ബ്രസീലിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി ഇറങ്ങുന്ന താരങ്ങളായി ഉണ്ടായിരുന്നത്. ഇന്റർനാഷണൽ ബ്രേക്കിൽ ഒരൊറ്റ മത്സരം മാത്രമാണ് ബ്രസീൽ കളിക്കുന്നത്. എന്തായാലും പുതിയൊരു മികച്ച പരിശീലകൻ ബ്രസീലിനു കൂടിയേ തീരുവെന്ന് ഇന്നത്തെ തോൽവി വ്യക്തമാക്കുന്നു.