മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താൻ ഇതെല്ലാം സംഭവിക്കണം, മുന്നറിയിപ്പുമായി ലാ ലിഗ പ്രസിഡന്റ്

ലയണൽ മെസി അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന കാര്യത്തിൽ ആർക്കും യാതൊരു തീർച്ചയുമില്ല. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം തന്റെ ഭാവിയുടെ കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. ഖത്തർ ലോകകപ്പ് കഴിഞ്ഞയുടനെ മെസി കരാർ പുതുക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തു പോയതോടെ അതിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ആരാധകർ മെസിക്കെതിരായതിനാൽ താരം ഈ സീസണു ശേഷം ക്ലബ് വിടാൻ തന്നെയാണ് സാധ്യത.

മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങളും അതിനിടയിൽ ശക്തമാണ്. കഴിഞ്ഞ ദിവസം ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട ഇതുമായി ബന്ധപ്പെട്ടു ശക്തമായ സൂചനകൾ നൽകിയിരുന്നു. മെസി ബാഴ്‌സലോണ വിട്ടത് താൻ കൈകാര്യം ചെയ്‌തത് ശരിയായില്ലെന്നു പറഞ്ഞ ലപോർട്ട ഒരു ക്ഷാമാപണത്തിന്റെ ഭാഷയിലാണ് സംസാരിച്ചത്. ഇതിനു പുറമെ ബാഴ്‌സലോണയുടെ വാതിലുകൾ താരത്തിന് മുന്നിൽ തുറന്നു കിടക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മെസിയുടെ ബാഴ്‌സലോണ ട്രാൻസ്‌ഫർ ഒട്ടും എളുപ്പമാകില്ലെന്നും അതിനു പലതും സംഭവിക്കേണ്ടതുണ്ടെന്നുമാണ് ലാ ലിഗ പ്രസിഡന്റ് ടെബാസ് പറയുന്നത്. മെസി തന്റെ പ്രതിഫലം വളരെയധികം കുറക്കണമെന്നതാണ് അതിലൊരു കാര്യം. അതിനു പുറമെ ബാഴ്‌സലോണ നിലവിലെ ടീമിൽ നിന്നും പലരെയും ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു. ലയണൽ മെസിക്കായി ലീഗിലെ നിയമങ്ങൾ തങ്ങൾ മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിവിസി കരാറൊപ്പിടാൻ ബാഴ്‌സലോണ തയ്യാറാകാത്തതിൽ ലാ ലിഗ നേതൃത്വം അതൃപ്‌തരാണ്. അതുകൊണ്ടാണ് ഗാവിയുടെ രെജിസ്ട്രേഷൻ റദ്ദാക്കാൻ അവർ അറ്റം വരെയും പോയത്. ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സലോണ ശ്രമിച്ചാൽ അതിനെതിരെ ലാ ലിഗ നേതൃത്വം നിൽക്കുമെന്ന് ടെബാസിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു. സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് വലിയ തിരിച്ചടിയാണ് ഇത് നൽകുന്നത്.