ഏഷ്യൻ ആരാധകരുടെ സ്നേഹം അർജന്റീന അറിഞ്ഞു, അമേരിക്കയെ തഴഞ്ഞ് സൗഹൃദമത്സരങ്ങൾ ഏഷ്യയിൽ കളിക്കും

ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് അത്ഭുതപ്പെടുത്തുന്ന പിന്തുണയാണ് ആരാധകർ നൽകിയത്. സ്വന്തം രാജ്യത്തു നിന്നുള്ള ആരാധകർക്കൊപ്പം ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങിയവയിൽ നിന്നുമുള്ള ആരാധകരും അർജന്റീനക്കും മെസിക്കും വലിയ പിന്തുണ നൽകിയിരുന്നു. ടൂർണമെന്റ് വിജയത്തിന് ശേഷം ഈ രാജ്യങ്ങൾക്കും അവിടുത്തെ ആരാധകർക്കും നന്ദി അറിയിച്ചുകൊണ്ട് അർജന്റീനയുടെ ഒഫിഷ്യൽ പേജ് പോസ്റ്റും ചെയ്‌തു.

അഭൂതപൂർണമായ ആരാധകരുടെ സ്നേഹം അർജന്റീന കൂടുതൽ മനസിലാക്കി തുടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ജൂണിൽ അർജന്റീനക്ക് സൗഹൃദമത്സരങ്ങൾ കളിക്കാനുണ്ട്. ഇതിനായി അർജന്റീനക്ക് അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളിൽ ഒന്നായ അമേരിക്കയിൽ നിന്നും ക്ഷണം വന്നിരുന്നു. എന്നാൽ ഈ ക്ഷണം അർജന്റീന നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അർജന്റീനയെ സംബന്ധിച്ച് ഏഷ്യൻ രാജ്യത്ത് ജൂണിലെ സൗഹൃദമത്സരം കളിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയാണ് അവർ പരിഗണിക്കുന്നത്. ലോകകപ്പിൽ വലിയ പിന്തുണ നൽകിയ രാജ്യങ്ങൾക്ക് തങ്ങളുടെ കടപ്പാട് അറിയിക്കുന്നതിന് വേണ്ടിയാണിത്. ബംഗ്ലാദേശിൽ അർജന്റീന മത്സരം കളിച്ചേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നതാണ്.

ഇന്ത്യയെ അർജന്റീന ഇപ്പോൾ പരിഗണിച്ചിട്ടില്ലെങ്കിലും അതിൽ നിരാശപ്പെടേണ്ട കാര്യമില്ല. ഖത്തർ ലോകകപ്പിൽ ചൈനയേക്കാൾ അർജന്റീനക്ക് പിന്തുണ വന്നത് ഇന്ത്യയിൽ നിന്നുമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ അധികാരികൾ വേണ്ടത് പോലെ ശ്രമിച്ചാൽ ലോകചാമ്പ്യന്മാർ രാജ്യത്തേക്ക് വരും. ലോകകപ്പ് വിജയം നേടിയ ഒരു ടീമിനെ ഇവിടെ കളിപ്പിക്കാൻ കഴിഞ്ഞാൽ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് അത് വലിയ കരുത്താണു നൽകുക.