അവസാനനിമിഷത്തിൽ വഴിത്തിരിവ് സംഭവിച്ചേക്കും, കൊച്ചിയിലേക്ക് സൂപ്പർകപ്പ് മത്സരങ്ങൾ മാറ്റാൻ സാധ്യത

ഹീറോ സൂപ്പർകപ്പ് മത്സരങ്ങൾ സംഘടിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത് കേരളത്തിലെ നാല് സ്റ്റേഡിയങ്ങളിൽ വെച്ചായിരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിൽ മത്സരം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ അവസാനം വേദികൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ തിരുവനന്തപുരത്തെയും കൊച്ചിയെയും ഒഴിവാക്കി കോഴിക്കോടും മഞ്ചേരിയും മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കോഴിക്കോടും മഞ്ചേരിയും വെച്ച് മാത്രം മത്സരങ്ങൾ നടത്താൻ കഴിയുമോയെന്ന കാര്യത്തിൽ പലരും ആദ്യം മുതൽ തന്നെ സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഈ രണ്ടു സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മയാണ് പലരും ചൂണ്ടിക്കാട്ടിയത്. ഇത്രയും വലിയൊരു ടൂർണ്ണമെന്റിനായി ഇരുപതിലധികം ടീമുകൾ എത്തുമ്പോൾ ട്രെയിനിങ് ഗ്രൗണ്ടുകളും ജിമ്മുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ പ്രദേശങ്ങളിൽ കുറവാണെന്ന് ആരാധകർ പറഞ്ഞിരുന്നു.

മൈതാനത്തിന്റെ നിലവാരത്തിലും ട്രെയിനിങ് ഗ്രൗണ്ടുകൾ അടക്കമുള്ള സൗകര്യങ്ങളുടെ കാര്യത്തിലും സൂപ്പർകപ്പിനുള്ള ടീമുകളും അതൃപ്തരാണെന്നാണ് പുതിയ വിവരങ്ങൾ. സ്റ്റേഡിയങ്ങളുടെ കാര്യത്തിൽ എഐഎഫ്എഫും പൂർണമായും തൃപ്‌തരല്ലെന്നും എന്നാൽ ഇന്റർനെറ്റിൽ പ്രചരിക്കപ്പെടുന്ന ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തമാണ്‌ വേദികളുടെ നിലവാരമെന്നും അത് ടൂർണമെന്റിന് മുൻപ് മെച്ചപ്പെടുമെന്നും എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു.

അടിസ്ഥാനസൗകര്യങ്ങൾ മോശം അവസ്ഥയിൽ തന്നെ തുടരുകയാണെങ്കിൽ വേദി മാറ്റേണ്ട സാഹചര്യമുണ്ടായാൽ അത് ചെയ്യുമെന്നും കൊച്ചി സ്റ്റേഡിയം പകരമെന്ന നിലയിൽ കരുതി വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് മത്സരങ്ങൾ തുടങ്ങുമ്പോൾ നിലവിലെ വേദികൾ തയ്യാറാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം നോക്ക്ഔട്ട് മത്സരങ്ങളിൽ സ്റ്റേഡിയങ്ങൾ മാറ്റേണ്ട സാഹചര്യം വന്നാൽ അത് ചെയ്യുമെന്നും വ്യക്തമാക്കി.

സ്റേഡിയങ്ങളേക്കാൾ ക്ലബുകൾക്ക് ആശങ്ക നിലവാരം കുറഞ്ഞ പരിശീലന മൈതാനങ്ങൾ സംബന്ധിച്ചാണ്. നിലവിൽ കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് നടത്താനിരുന്ന രണ്ടു യോഗ്യത മത്സരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു. ഇത് കൊച്ചിയിലേക്ക് സൂപ്പർകപ്പ് എത്താനുള്ള സാധ്യത വർധിപ്പിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കണക്കുകൾ തീർക്കാനുള്ള അവസരമാണ് സൂപ്പർകപ്പ് എന്നതിനാൽ തന്നെ കൊച്ചിയിൽ വെച്ച് മത്സരങ്ങൾ നടക്കാനാവും ആരാധകർക്കും താൽപര്യം.