റോമയെയും പോർച്ചുഗൽ ദേശീയ ടീമിനെയും ഒരുമിച്ച് പരിശീലിപ്പിക്കാൻ മൗറീന്യോക്ക് ഓഫർ

ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയോടു തോറ്റ് പോർച്ചുഗൽ പുറത്തു പോയതോടെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് സ്ഥാനമൊഴിയാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. 2016 യൂറോ കപ്പ് പോർച്ചുഗലിന് നേടിക്കൊടുത്ത അദ്ദേഹത്തിന് ലഭിച്ചതിൽ ഏറ്റവും മികച്ച സ്ക്വാഡായിരുന്നു ഇത്തവണത്തേതെങ്കിലും അത് കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല. സാന്റോസ് പുറത്തു പോകാനുള്ള സാധ്യത വർധിച്ചതോടെ പകരക്കാരനു വേണ്ടിയുള്ള ശ്രമങ്ങൾ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ശക്തമാക്കിയിട്ടുമുണ്ട്.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഐതിഹാസികമായ നേട്ടങ്ങൾ ക്ലബ് തലത്തിൽ സ്വന്തമാക്കിയിട്ടുള്ള ഹോസെ മൗറീന്യോയെയാണ് പോർച്ചുഗൽ സാന്റോസിനു പകരം നോട്ടമിട്ടിരിക്കുന്നത്. നിലവിൽ ഇറ്റാലിയൻ ക്ലബായ റോമ പരിശീലകനായ അദ്ദേഹത്തോട് ക്ലബിലെ സ്ഥാനം ഒഴിയാൻ പോർച്ചുഗൽ ആവശ്യപ്പെടുന്നില്ല. പകരം ക്ലബിനെയും ദേശീയ ടീമിനെയും ഒരുമിച്ച് പരിശീലിപ്പിക്കാനാണ് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെടുന്നതെന്ന് ഗസറ്റ ഡെല്ല സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.

വിചിത്രമായ ആവശ്യമാണ് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റേത് എങ്കിലും മൗറീന്യോക്ക് ഇതിൽ താത്പര്യമുണ്ടെന്നാണ്‌ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇത് നടക്കണമെങ്കിൽ റോമ ക്ലബിന്റെ അനുമതി കൂടി ആവശ്യമാണ്. മൗറീന്യോയെ വെച്ച് വലിയ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന അവർ ഈ ഓഫർ സമ്മതിക്കാൻ സാധ്യതയില്ല. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് റോമക്ക് നേടിക്കൊടുത്ത പരിശീലകനൊപ്പം ചാമ്പ്യൻസ് ലീഗ് യോഗ്യതയാണ് റോമയിപ്പോൾ നോട്ടമിടുന്നത്.

നാല് വ്യത്യസ്‌ത ലീഗ് കിരീടങ്ങൾ ഉയർത്തിയ മൗറീന്യോ പോർട്ടോ, ഇന്റർ മിലാൻ എന്നീ ടീമുകളുടെ കൂടെ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ പരിശീലകനാണ്. നിരവധി മികച്ച യുവതാരങ്ങളുള്ള പോർചുഗലിലേക്ക് മൗറീന്യോ എത്തിയാൽ അത് ടീമിന് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. എന്നാൽ ഓഫർ അദ്ദേഹം സ്വീകരിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.