“മെസി ലോകകപ്പ് നേടുമെന്ന് എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു”- പിന്തുണയുമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

ഖത്തർ ലോകകപ്പിൽ ലയണൽ മെസി തന്നെ കിരീടം സ്വന്തമാക്കുമെന്ന് സ്വീഡിഷ് ഇതിഹാസവും മെസിയുടെ മുൻ സഹതാരവുമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. മെസി കിരീടം നേടുമെന്ന കാര്യം നേരത്തെ തന്നെ എഴുതപ്പെട്ടു കഴിഞ്ഞുവെന്നാണ് മെസിക്കൊപ്പം ബാഴ്‌സലോണയിൽ കളിച്ചിട്ടുള്ള സ്ലാട്ടൻ പറയുന്നത്. മെസിക്ക് നിരവധി താരങ്ങൾ തങ്ങളുടെ പിന്തുണ നൽകുന്നതിനൊപ്പമാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ചും ചേർന്നിരിക്കുന്നത്.

“ലോകകപ്പ് ആരാണ് വിജയിക്കുകയെന്ന കാര്യം നേരത്തെ തന്നെ എഴുതപ്പെട്ടു കഴിഞ്ഞ കാര്യമാണെന്നാണ് ഞാൻ കരുതുന്നത്. ഞാൻ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കും അറിയുന്നുണ്ടാകും. ലയണൽ മെസി കിരീടം ഉയർത്തുമെന്ന് ഞാൻ കരുതുന്നു, അത് നേരത്തെ തന്നെ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു.” 2002, 2006 ലോകകപ്പുകളിൽ സ്വീഡനോപ്പം കളിച്ചിട്ടുള്ള സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പറഞ്ഞു.

അർജന്റീന ലോകകപ്പിന്റെ സെമിയിൽ എത്തിയതോടെ ലയണൽ മെസിക്ക് കിരീടം നേടാനുള്ള പിന്തുണ വർധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ്, ബ്രസീലിന്റെ ഇതിഹാസതാരം റൊണാൾഡോ നാസറിയോ എന്നിവർ മെസിക്ക് പിന്തുണ നൽകിയിരുന്നു. ഇതിനു പുറമെയും നിരവധി പേർ മെസിക്ക് തങ്ങളുടെ പിന്തുണ അറിയിക്കുന്നുണ്ട്.