ഒരു മോശം സെൽഫ് ഗോളിൽ കിരീടം നേടിയാൽ ഹാട്രിക്കിനെക്കാൾ സന്തോഷമായേനെ, ലോകകപ്പ് ഫൈനലിനെക്കുറിച്ച് എംബാപ്പെ | Mbappe

ഖത്തർ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പുകളിൽ ഒന്നായിരുന്നു. അതുപോലെ തന്നെ ഖത്തർ ലോകകപ്പിന്റെ ഫൈനലും ആവേശകരമായ ഒന്നായിരുന്നു. ആദ്യം അർജന്റീന പൂർണമായി ആധിപത്യം സ്ഥാപിക്കുകയും പിന്നീട് ഫ്രാൻസ് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തുകയും ചെയ്‌ത ഫൈനലിൽ ഒടുവിൽ ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്.

ലോകകപ്പ് ഫൈനലിൽ അർജന്റീന വിജയം നേടിയെങ്കിലും ഫ്രഞ്ച് മുന്നേറ്റനിര താരമായ എംബാപ്പയുടെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി. അർജന്റീന ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ തിരിച്ചുവരവ് നടത്തിയ ഫ്രാൻസിനായി മൂന്നു ഗോളുകളാണ് താരം നേടിയത്. ഒരു ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോർഡും എംബാപ്പെ സ്വന്തമാക്കിയിരുന്നു.

എന്നാൽ ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് സ്വന്തമാക്കി ചരിത്രം കുറിച്ചതിന്റെ യാതൊരു സന്തോഷവും ഇപ്പോഴും തനിക്കില്ലെന്നാണ് എംബാപ്പെ പറയുന്നത്. കഴിഞ്ഞ ദിവസം ലോകകപ്പ് ഫൈനലിനെക്കുറിച്ചും അതിൽ സ്വന്തമാക്കിയ ചരിത്രനേട്ടത്തെക്കുറിച്ചും സംസാരിക്കുമ്പോഴാണ് ഫ്രഞ്ച് താരം ഫൈനലിൽ കിരീടം നേടാൻ കഴിയാതിരുന്നതിലെ വലിയ നിരാശ വെളിപ്പെടുത്തിയത്.

“വളരെ മോശം ഒരു സെൽഫ് ഗോൾ നേടി ഒരു ഗോളിന് ഫൈനലിൽ വിജയിക്കാൻ വേണ്ടി എന്റെ മൂന്നു ഗോളുകളും നൽകാൻ ഞാൻ തയ്യാറാണ്. നമ്മളത് മറക്കാനാണ് ആഗ്രഹിക്കുന്നതെങ്കിലും ലോകം മുഴുവൻ അത് ഓർമിപ്പിക്കുകയാണ്. പലരും എന്നോട് നന്ദി പറയുന്നുണ്ട്. അതെന്തിനാണ്, ഞങ്ങൾ വിജയിച്ചില്ലല്ലോ എന്നാണു എനിക്കവരോട് ചോദിക്കാനുള്ളത്.” എംബാപ്പെ കഴിഞ്ഞ ദിവസം പറഞ്ഞു.

ഖത്തർ ലോകകപ്പിൽ കിരീടം നേടാൻ കഴിയാതിരുന്നതിന്റെ നിരാശ വളരെ വലുതാണെന്ന് എംബാപ്പയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. ഈ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയിരുന്നെങ്കിലും തുടർച്ചയായ രണ്ടാമത്തെ ലോകകപ്പ് കിരീടം ഫ്രാൻസിന് സ്വന്തമായേനെ. അതുവഴി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകാനുള്ള ഒരവസരം കൂടിയാണ് അർജന്റീന ഇല്ലാതാക്കിയത്.

Mbappe Still Disappoint About World Cup Final