ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമിനെ എഴുപതു മിനുട്ട് പന്ത് തൊടാനനുവദിച്ചില്ല, ലോകകപ്പ് ഫൈനലിനെക്കുറിച്ച് ഡി പോൾ | Rodrigo de Paul

ഖത്തർ ലോകകപ്പ് ഫൈനൽ കണ്ട ഒരാൾക്കും ആ മത്സരം മറക്കാൻ കഴിയില്ല. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു അതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്ന മത്സരത്തിൽ പിന്നീട് ഫ്രാൻസ് തിരിച്ചടിക്കുകയും അതിനു ശേഷം എക്‌സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടും ഒക്കെ കഴിഞ്ഞാണ് അർജന്റീന വിജയം നേടുന്നത്.

ആ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമായിരുന്നു ഫ്രാൻസ് എന്നതിൽ സംശയമില്ല. എന്നാൽ മത്സരം എഴുപത് മിനുട്ട് പിന്നിട്ടപ്പോഴും അർജന്റീന മത്സരത്തിൽ സമ്പൂർണമായ ആധിപത്യം പുലർത്തിയിരുന്നു. കഴിഞ്ഞ ദിവസം അർജന്റീന താരമായ റോഡ്രിഗോ ഡി പോളിനോട് ലോകകപ്പ് ഫൈനലിനെക്കുറിച്ച് ചോദിച്ചപ്പോഴും അദ്ദേഹം ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്.

“അതിനു മുൻപൊരു ദിവസം ഞാനെന്റെ സുഹൃത്തുക്കളുമായി ലോകകപ്പിലെ വിവിധ ടീമുകളെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവരും പറഞ്ഞത് ഫ്രാൻസ് എന്തൊരു മികച്ച ടീമാണെന്നായിരുന്നു. എന്നാൽ ആ ടീമിനെ എഴുപതു മിനുട്ട് ഞങ്ങൾ പന്ത് തൊടാൻ തന്നെ അനുവദിച്ചില്ല.” റോഡ്രിഗോ ഡി പോൾ ഒരു അഭിമുഖത്തിൽ ലോകകപ്പ് ഫൈനലിനെക്കുറിച്ച് പറഞ്ഞു.

ഫ്രാൻസിന് മുന്നിൽ അർജന്റീന പരുങ്ങുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും നേരെ തിരിച്ചാണ് അന്ന് സംഭവിച്ചത്. അർജന്റീനയുടെ ഗംഭീര പ്രകടനത്തിന് മറുപടി നൽകാൻ ഫ്രാൻസിന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു. കളം നിറഞ്ഞു കളിച്ചിരുന്ന അർജന്റീനയെ രണ്ടാം പകുതിയിൽ പിൻവലിച്ചതിനു ശേഷമാണ് ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചു വന്നത്.

ലോകകപ്പ് വിജയത്തിന്റെ ആവേശത്തിലാണ് ഇപ്പോഴും അർജന്റീന ആരാധകർ. അതിനൊപ്പം മറ്റൊരു കിരീടം കൂടി സ്വന്തമാക്കാൻ അവർക്ക് അവസരമുണ്ട്. ജൂണിൽ കോപ്പ അമേരിക്ക നടക്കാനിരിക്കെ കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീം അർജന്റീനയാണ്. അർജന്റീന താരങ്ങളെല്ലാം മികച്ച ഫോമിൽ കളിക്കുന്നത് അവർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.

Rodrigo de Paul On World Cup Final