സൗദി അറേബ്യക്ക് ഒറ്റക്ക് ലോകകപ്പ് നടത്താനുള്ള കഴിവുണ്ട്, ഇന്ത്യയെ പരിഗണിക്കുന്നില്ലെന്ന് സൗദി എഫ്എ പ്രസിഡന്റ് | 2034 World Cup

ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തു വന്ന ചില റിപ്പോർട്ടുകൾ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു. 2034ൽ സൗദി അറബ്യയിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിലെ പത്ത് മത്സരങ്ങളോളം ഇന്ത്യയിൽ വെച്ച് നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് താൽപര്യമുണ്ടെന്നും അതിനു വേണ്ടിയുള്ള ചർച്ചകൾ ബന്ധപ്പെട്ട അധികൃതരുമായി നടത്തുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ ഈ വാർത്ത പുറത്തു വന്നപ്പോൾ ഒരുപാട് സന്തോഷിച്ചു. ഏതാനും മത്സരങ്ങൾ നടത്താൻ ഇന്ത്യക്ക് അവസരമുണ്ടായാൽ അത് ഹോസ്റ്റിങ് കൺട്രി എന്ന നിലയിൽ ഇന്ത്യക്കും ലോകകപ്പ് കളിക്കാൻ അവസരമൊരുക്കുമെന്നും ഇതെല്ലാം രാജ്യത്തെ ഫുട്ബോളിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുമെന്നും ഏവരും പ്രതീക്ഷിക്കുകയുണ്ടായി.

എന്നാൽ ഈ പ്രതീക്ഷകളെല്ലാം ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ യാസർ അൽ മിസഹേൽ പറഞ്ഞത് പ്രകാരം സൗദിയിൽ വെച്ച് നടക്കുന്ന ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യക്ക് നൽകാൻ അവർക്ക് യാതൊരു പദ്ധതിയുമില്ല. സൗദിയിൽ അതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“ആ ലോകകപ്പ് സൗദിയിൽ മാത്രമാകും നടക്കുക. ഞങ്ങൾക്ക് ഒരുപാട് നഗരങ്ങളും ഒരുപാട് മികച്ച സ്റ്റേഡിയങ്ങളുമുണ്ട്. 2034 ലോകകപ്പിന് ഒറ്റക്ക് ആതിഥേയത്വം വഹിക്കാനാണ് ഞങ്ങൾ ഒരുങ്ങുന്നത്.” അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മറ്റൊരു രാജ്യവുമായും ലോകകപ്പ് നടത്താൻ സഹകരിക്കാതെ ഒറ്റക്ക് ടൂർണമെന്റ് നടത്താനാണ് സൗദി ഒരുങ്ങുന്നതെന്ന് വ്യക്തമാണ്.

ഇതോടെ എഐഎഫ്എഫ് നൽകുന്ന പ്രതീക്ഷകളെല്ലാം വെറും അസ്ഥാനത്താണെന്ന വാദം ആരാധകർ ഉയർത്തുന്നുണ്ട്. ഇന്ത്യയിൽ ഫുട്ബോൾ വളർത്തുമെന്ന വാദവും ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ റഫറിയിങ് കൊണ്ടുവരുമെന്നുമെല്ലാം എഐഎഫ്എഫ് നടത്തുന്നുണ്ടെങ്കിലും അതെല്ലാം ഇതുപോലെ വെറും നനഞ്ഞ പടക്കമായി മാറിയാലും അതിൽ അത്ഭുതപ്പെടാൻ കഴിയില്ല.

Saudi Arabia Deny Co Hosting 2034 World Cup