അവസരങ്ങൾ നഷ്‌ടമായിടത്തു നിന്നും പ്രതിരോധക്കോട്ടയായി ലെസ്‌കോവിച്ച്, ഗോളുകൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം | Leskovic

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസൺ ആരംഭിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്കയുണ്ടാക്കിയ കാര്യമാണ് കഴിഞ്ഞ സീസണുകളിൽ വിശ്വസ്‌തനായ താരമായിരുന്ന മാർകോ ലെസ്‌കോവിച്ചിന്റെ പരിക്ക്. സീസൺ തുടങ്ങുന്നതിനു മുൻപേ പരിക്കേറ്റ താരം ഡ്യൂറൻഡ് കപ്പിലും സീസണിലെ ആദ്യത്തെ ഏതാനും മത്സരത്തിലും സ്‌ക്വാഡിൽ പോലും ഉണ്ടായിരുന്നില്ല.

ഹൈദരാബാദ് എഫ്‌സിക്കെതിരെ തിരിച്ചുവന്ന താരത്തിനു ബെഞ്ചിലിരിക്കേണ്ടി വന്നു. അതിനു ശേഷമുള്ള മത്സരങ്ങളിൽ ഇറങ്ങിയ താരത്തിന് പകരക്കാരന്റെ വേഷമായിരുന്നു. ഡ്രിഞ്ചിച്ച്, ലൂണ, പെപ്ര, ദിമിത്രിയോസ് തുടങ്ങിയ താരങ്ങൾ ആദ്യ ഇലവനിൽ ഉള്ളതിനെ തുടർന്നാണ് ലെസ്‌കോവിച്ചിന് പുറത്തിരിക്കേണ്ടി വന്നത്. എന്നാൽ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും താരം ആദ്യ ഇലവനിൽ തിരിച്ചെത്തി.

ലെസ്‌കോവിച്ച് തിരിച്ചെത്തിയതോടെ രണ്ടു വിദേശ സെന്റർ ബാക്കുകളെ വെച്ചുള്ള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം മികച്ച പ്രകടനമാണ് നടത്തുന്നത്. പഞ്ചാബ് എഫ്‌സിക്കെതിരെ അവരുടെ മൈതാനത്ത് വിജയം നേടിയപ്പോഴും ഇന്നലെ മുംബൈ സിറ്റിയെ കൊച്ചിയിൽ കീഴടക്കിയപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങിയിട്ടില്ല. ഈ സീസണിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ഗോൾ വഴങ്ങാതിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ഡിഫെൻഡറായി തിരഞ്ഞെടുക്കപ്പെട്ടതും മാർകോ ലെസ്‌കോവിച്ചായിരുന്നു. ലൂണയുടെ അഭാവത്തിൽ ടീമിന്റെ നായകനായി ഇറങ്ങിയ അദ്ദേഹം ടീമിനെ കൃത്യമായി നയിക്കുന്ന പ്രകടനമാണ് നടത്തിയത്. താരത്തിനൊപ്പം ചെറുപ്പക്കാരനും ഊർജ്വസ്വലനുമായ മിലോസ് ഡ്രിഞ്ചിച്ചും ചേർന്നതോടെ മുംബൈ ആക്രമണങ്ങൾ നിഷ്പ്രഭമായി.

പഞ്ചാബ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പതറിയിരുന്നെങ്കിലും ഇന്നലത്തെ മത്സരത്തിൽ അതൊന്നുമുണ്ടായില്ല. ആദ്യപകുതിയിൽ ഒരു വുഡ്‌വർക്ക് ഒഴിച്ച് നിർത്തിയാൽ ഗോൾകീപ്പർ സച്ചിൻ സുരേഷിന് വലിയ ഭീഷണിയൊന്നും ഉണ്ടായില്ല. അതിനുള്ള പ്രധാന കാരണം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ ഈ രണ്ടു താരങ്ങൾ തമ്മിൽ ഒത്തിണക്കം വന്നുവെന്നതാണ്.

മാർകോ, മിലോസ് സഖ്യം പ്രതിരോധത്തിൽ മിന്നുന്ന പ്രകടനം നടത്തുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ പ്രതീക്ഷകൾ നൽകുന്നു. ലൂണയുടെ അഭാവത്തിൽ ആക്രമണങ്ങൾ കുറയുമെന്നതിനാൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ് പ്രത്യാക്രമണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശൈലിയാണ് ബ്ലാസ്റ്റേഴ്‌സ് സ്വീകരിക്കുന്നത്. ഈ താരങ്ങൾ മികച്ച ഫോമിൽ കളിക്കുന്നത് ടീമിന്റെ ഈ ശൈലിയെ സഹായിക്കുന്നുണ്ട്.

Leskovic Drincic Making Good Performance For Kerala Blasters