മുപ്പത്തിയെട്ടാം വയസിലും ഒന്നാം നമ്പർ, ഹാലൻഡിനെയും എംബാപ്പയെയും പിന്നിലാക്കാൻ റൊണാൾഡോ തയ്യാറെടുക്കുന്നു | Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡിലും ഖത്തർ ലോകകപ്പിലുമുള്ള റൊണാൾഡോയുടെ പ്രകടനം കണ്ടു താരത്തിന്റെ കരിയർ അവസാനിച്ചുവെന്ന് കരുതിയവർക്ക് മുന്നിൽ ഫീനിക്‌സ് പക്ഷിയെപ്പോലെ താരം ഉയർത്തെഴുന്നേറ്റു വരുന്നതാണ് കാണാൻ കഴിയുന്നത്. സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചെക്കറിയതിനു ശേഷം അവിശ്വസനീയമായ ഫോമിൽ കളിക്കുന്ന താരം ഇപ്പോഴും ലോകത്തിന്റെ നെറുകയിൽ തന്നെയാണ്.

യൂറോപ്പിലെ ലീഗുകളെ അപേക്ഷിച്ച് സൗദി ലീഗിന് മാറ്റ് കുറവാണെങ്കിലും വമ്പൻ താരങ്ങളെ സ്വന്തമാക്കിയതോടെ അവിടെ മത്സരം വർധിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. അൽ നസ്റിൽ മാത്രമല്ല, പോർച്ചുഗൽ ടീമിനൊപ്പവും റൊണാൾഡോ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ഗോളുകൾ അടിച്ചു കൂട്ടുന്ന റൊണാൾഡോ 2023ൽ ഏറ്റവുമധികം ഗോൾ നേടിയ താരമാകാനുള്ള ഒരുക്കത്തിലാണ്.

2023ൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ റൊണാൾഡോക്ക് മുന്നിലുള്ളത് രണ്ടു താരങ്ങൾ മാത്രമാണ്. അമ്പത്തിരണ്ട് ഗോളുകൾ വീതം നേടിയ ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരമായ ഹാരി കേൻ, പിഎസ്‌ജിയുടെ ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പെ എന്നിവരാണ് മുന്നിൽ നിൽക്കുന്നത്. ഈ രണ്ടു താരങ്ങൾക്കും ഈ വർഷം ഇനി മത്സരങ്ങളൊന്നും തന്നെ ബാക്കിയില്ല.

അതേസമയം അൻപത് ഗോളുകൾ ഈ വർഷം നേടിയ റൊണാൾഡോക്ക് ഇനി മൂന്നു മത്സരങ്ങൾ കൂടി കളിക്കാൻ ബാക്കിയുണ്ട്. അതിനാൽ തന്നെ താരം ഈ രണ്ടു താരങ്ങളെ മറികടക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ അൻപത് ഗോളുകളുമായി റൊണാൾഡോക്കൊപ്പം നിൽക്കുന്ന ഹാലാൻഡ് ഇക്കാര്യത്തിൽ ഒരു വെല്ലുവിളിയാണ്. മാഞ്ചസ്റ്റർ സിറ്റി താരത്തിനും ഈ സീസനിലിനി മൂന്നു മത്സരങ്ങൾ കളിക്കാൻ ബാക്കിയുണ്ട്.

ഈ വർഷത്തിൽ കൂടുതൽ ഗോൾ നേടിയാൽ മറ്റൊരു പുരസ്‌കാരം കൂടി റൊണാൾഡോയെ തേടിയെത്തും. ഗോര് വർഷത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരത്തിനുള്ള ഗ്ലോബ് സോക്കറിന്റെ മറഡോണ അവാർഡാണ് താരത്തെ തേടിയെത്തുക. എന്തായാലും മുപ്പത്തിയെട്ടാം വയസിൽ യൂറോപ്പിലെ മികച്ച യുവതാരങ്ങളോട് മത്സരിച്ച് മുൻനിരയിൽ നിൽക്കുന്ന റൊണാൾഡോ വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്.

Ronaldo Can Be The Top Scorer Of 2023