റൊണാൾഡോയെ നേരിടുന്നതിനു മുൻപ് മെസിയും സുവാരസും ഒരുമിക്കും, ട്രാൻസ്‌ഫർ സ്ഥിരീകരിച്ച് ഫാബ്രിസിയോ റൊമാനോ | Luis Suarez

ലൂയിസ് സുവാരസ് ലയണൽ മെസിക്കൊപ്പം ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന കാര്യം സ്ഥിരീകരിച്ച് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ. ബ്രസീലിയൻ ക്ലബായ ഗ്രെമിയോയുമായി കരാർ അവസാനിച്ച സുവാരസ് നിലവിൽ ഫ്രീ ഏജന്റാണ്. താരം ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തിൽ റൊമാനോ സ്ഥിരീകരണം നടത്തുന്നത് ആദ്യമായാണ്.

ലൂയിസ് സുവാരസും ഇന്റർ മിയാമിയും തമ്മിലുള്ള കരാർ ധാരണയിൽ എത്തിയെന്നും ഉടനെ തന്നെ അതിന്റെ പ്രഖ്യാപനം നടത്തുമെന്നുമാണ് റൊമാനോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വെളിപ്പെടുത്തുന്നത്. ഒരു മാസം മുൻപ് തന്നെ താരം വാക്കാൽ ഇതിനു സമ്മതം മൂളിയെന്നും അദ്ദേഹം പറയുന്നു. നിലവിൽ ഒരു വർഷത്തെ കരാറാണ് സുവാരസ് ഒപ്പിട്ടിരിക്കുന്നതെങ്കിലും അതൊരു വർഷം കൂടി നീട്ടാൻ കഴിയും.

മുപ്പത്തിയാറുകാരനായ സുവാരസ് കരിയർ അവസാനിപ്പിക്കുമോയെന്ന സംശയം നേരത്തെ ഉണ്ടായിരുന്നു. ബ്രസീലിലെ സീസൺ അവസാനിച്ചതിനു ശേഷം തനിക്കുള്ള കടുത്ത വേദനയെക്കുറിച്ച് താരം പറഞ്ഞിരുന്നു. ഓരോ മത്സരത്തിനും മൂന്നു ദിവസം മുൻപേ ഗുളിക കഴിച്ചും മത്സരത്തിന് തൊട്ടുമുൻപ് ഇഞ്ചക്ഷൻ എടുത്തുമാണ് കളിച്ചിരുന്നതെന്നും അതില്ലാതെ കുട്ടിക്കൊപ്പം പോലും കളിക്കാൻ കഴിയില്ലെന്നുമാണ് താരം പറഞ്ഞത്.

കരിയർ അവസാനിപ്പിക്കാതെ ആഗ്രഹിച്ചതു പോലെത്തന്നെ അവസാന കാലഘട്ടം മെസിക്കൊപ്പം കളിക്കാനാണ് താരം ഒരുങ്ങുന്നത്. സുവാരസ് ഉടനെ തന്നെ ഇന്റർ മിയാമിയിലേക്ക് എത്തുമെന്നതിനാൽ ക്ലബിനൊപ്പം റൊണാൾഡോയുടെ അൽ നസ്‌റിനെ നേരിടാനുള്ള അവസരമുണ്ട്. ഫെബ്രുവരി ഒന്നിന് അൽ നസ്‌റിനെതിരെ നടക്കുന്ന റിയാദ് കപ്പ് മത്സരത്തിൽ മെസിക്കൊപ്പം സുവാരസും അണിനിരക്കും.

സുവാരസ് കൂടിയെത്തുന്നതോടെ റിയാദ് കപ്പ് മത്സരം കൂടുതൽ ആവേശകരമായി മാറും. കഴിഞ്ഞ സീസണിൽ ഗ്രെമിയോക്കൊപ്പം തകർപ്പൻ പ്രകടനമാണ് ലൂയിസ് സുവാരസ് നടത്തിയത്. പതിനേഴു ഗോളുകളും പതിനൊന്ന് അസിസ്റ്റുകളും ടീമിനായി സ്വന്തമാക്കിയ താരം ക്ലബ്ബിനെ ലീഗിന്റെ രണ്ടാം സ്ഥാനത്തെത്തിച്ചതിനു ശേഷം ഇതിഹാസതുല്യനായാണ് അവിടെ നിന്നും വിടവാങ്ങിയത്.

Luis Suarez All Set To Join Inter Miami