റൊണാൾഡോ ക്ഷണിച്ചിട്ടും പെപ് ഗ്വാർഡിയോള കുലുങ്ങിയില്ല, ബ്രസീൽ പരിശീലകനാവാനുള്ള ഓഫർ നിരസിച്ചു

ഖത്തർ ലോകകപ്പിനു മുൻപ് തന്നെ പെപ് ഗ്വാർഡിയോളയെ ബ്രസീൽ ടീം ലക്‌ഷ്യം വെക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. 2002 മുതൽ ലോകകപ്പ് കിരീടം നേടാൻ കഴിയാത്ത ടീം യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെയാണ് ടിറ്റെക്ക് പകരക്കാരായി തേടുന്നതെന്നും അതിൽ പ്രധാനി പെപ് ഗ്വാർഡിയോള ആണെന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ലോകകപ്പിൽ ബ്രസീൽ കിരീടം നേടുകയാണെങ്കിൽ ടിറ്റെ തുടരാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും അതിനു മുൻപേ തന്നെ മറ്റു പരിശീലകരുടെ കാര്യം അവർ പരിഗണിച്ചു തുടങ്ങിയിരുന്നു.

ലോകകപ്പിൽ ബ്രസീൽ ടീം തോൽവി വഴങ്ങിയതോടെ ടിറ്റെ സ്ഥാനമൊഴിഞ്ഞു. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങിയാണ് ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തു പോയത്. ഇതോടെ ടീമിന്റെ പ്രകടനത്തിൽ ആരാധകർ അതൃപ്‌തി പ്രകടമാക്കി. ഇപ്പോൾ പുതിയ പരിശീലകരെ ബ്രസീൽ തേടുകയാണെങ്കിലും അതെവിടെയും എത്തിയിട്ടില്ല. അതിനിടയിൽ കഴിഞ്ഞ മാസം പെപ് ഗ്വാർഡിയോള ബ്രസീൽ പരിശീലകനാവാനുള്ള ഓഫർ നിരസിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ബ്രസീൽ കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ റൊണാൾഡോയാണ് പെപ് ഗ്വാർഡിയോളയെ സമീപിച്ചത്. അദ്ദേഹത്തിന്റെ ഏജന്റായ പെരെയെ കണ്ട റൊണാൾഡോ ഗ്വാർഡിയോളക്ക് ബ്രസീൽ ടീമിന്റെ പരിശീലകനായി വരാനുള്ള താൽപര്യം ഉണ്ടാകുമോയെന്നു ചോദിച്ചു. എന്നാൽ ഗ്വാർഡിയോള തന്റെ വിസമ്മതം അറിയിക്കുകയാണുണ്ടായത്. ഏറ്റവും ചുരുങ്ങിയത് രണ്ടു വർഷങ്ങൾ കൂടി മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം തുടരാനാണ് പെപ്പിന്റെ പദ്ധതി.

ഗ്വാർഡിയോളക്കു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കാതെ വന്നതോടെ ബ്രസീൽ മറ്റു പരിശീലകരിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. നിലവിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആൻസലോട്ടിയാണ് അവരുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമായി കണക്കാക്കപ്പെടുന്നത്. പെപ് ഗ്വാർഡിയോളയെ പോലെ തന്നെ ആൻസലോട്ടിയും ഒരു ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. ഇതിനു പുറമെ ഹോസെ മൗറീന്യോയും ബ്രസീൽ പരിഗണിക്കുന്ന പേരുകളിൽ പെടുന്നു.