അർജന്റീന താരത്തിനു മുന്നിൽ ‘എമിലിയാനോ മാർട്ടിനസ്’ കളിച്ച് കെപ, ചിരിച്ചു കൊണ്ടു വലകുലുക്കി അൽവാരസ്

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ഹീറോയായി എമിലിയാനോ മാർട്ടിനസിനു പെനാൽറ്റി ഷൂട്ടൗട്ടുകളിലുള്ള ആധിപത്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പെനാൽറ്റി ഷോട്ടുകൾ തടുക്കുന്നതിൽ പ്രത്യേക കഴിവുള്ള താരം ഷോട്ട് എടുക്കാൻ വരുന്ന താരങ്ങളെ മാനസികമായി തകർത്ത് അവരുടെ ശ്രദ്ധ തെറ്റിക്കുന്നതിലും വിരുതനാണ്. ലോകകപ്പിൽ ഹോളണ്ടിനെതിരെയും ഫ്രാൻസിനെതിരെയുമുള്ള പെനാൽറ്റി ഷൂട്ടൗട്ടുകളിൽ അതു താരം കാണിച്ചു തന്നു. ഇതിനു മുൻപ് അർജന്റീന കോപ്പ അമേരിക്ക നേടിയപ്പോഴും ഷൂട്ടൗട്ട് സമയങ്ങളിൽ തനിക്കുന്ന മുൻതൂക്കം മാർട്ടിനസ് കാണിച്ചു തന്നതാണ്.

ഇന്നലെ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന എഫ്എ കപ്പ് മത്സരത്തിൽ എമിലിയാനോ മാർട്ടിനസാവാൻ ശ്രമിച്ച് ചെൽസി ഗോൾകീപ്പർ കെപ്പ തോൽവി വഴങ്ങിയതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ചെൽസി എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽവി വഴങ്ങിയ മത്സരത്തിൽ പെനാൽറ്റി ഏരിയയിൽ വെച്ച് പന്ത് കൈകൊണ്ടു തൊട്ടതിനു മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു. ഇതെടുക്കാൻ വന്ന അർജന്റീനിയൻ താരം ജൂലിയൻ അൽവാരസിനോടാണ് മൈൻഡ് ഗെയിം നടത്തി ശ്രദ്ധ തിരിക്കാനുള്ള ശ്രമം കെപ്പ നടത്തിയത്.

അൽവാരസ് പന്തുമായി വന്ന സമയത്ത് താരത്തിനരികിലേക്കു പോയ കെപ്പ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അൽവാരസിന്റെ ആത്മവിശ്വാസം തകർക്കാൻ വേണ്ടിയാണ് അത് ചെയ്‌തതെന്ന്‌ വ്യക്തമായിരുന്നു. എന്നാൽ അൽവാരസ് വളരെ നല്ലൊരു പുഞ്ചിരിയോടെയാണ് അതിനെ നേരിട്ടത്. ഒടുവിൽ റഫറിയെത്തി കെപ്പയെ അതിൽ നിന്നും പിന്തിരിപ്പിച്ച് പോസ്റ്റിനു കീഴിലേക്ക് പോകാൻ പറയേണ്ടി വന്നു. അൽവാരസ് എടുത്ത പെനാൽറ്റിക്ക് കൃത്യമായ ദിശയിൽ തന്നെയാണ് കെപ്പ ചാടിയതെങ്കിലും അത് ഗോളാക്കി മാറ്റാം മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർക്ക് കഴിഞ്ഞു. എമിലിയാനോ മാർട്ടിനസ് നിൽക്കുന്ന ഗോൾ പോസ്റ്റിൽ പെനാൽറ്റി പരിശീലനം നടത്തുന്ന താരത്തോട് മൈൻഡ് ഗെയിം കളിക്കാൻ പോയ കേപ്പയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ സംസാരിക്കുന്നത്.

മത്സരത്തിനു ശേഷം ചെൽസി ഗോൾകീപ്പറുടെ മൈൻഡ് ഗെയിമിനെ കുറിച്ച് അൽവാരസ് സംസാരിക്കുകയുണ്ടായി. ഗോൾകീപ്പർമാർ അവരുടെ ജോലി ചെയ്യാൻ ശ്രമിക്കുമെന്നും എന്നാൽ അതിൽ പതറാതെ സ്വന്തം ജോലി ചെയ്യുകയാണ് എന്റെ ചുമതലയെന്നും താരം പറയുന്നു. എങ്ങോട്ടാണ് ഷൂട്ട് ചെയ്യുകയെന്നു നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അതാണ് ചെയ്‌തതെന്നും താരം കൂട്ടിച്ചേർത്തു. മത്സരത്തിൽ അൽവാരസിന്റെ പെനാൽറ്റിക്കു പുറമെ റിയാദ് മഹ്റാസ് നേടിയ രണ്ടു ഗോളുകളും ഫിൽ ഫോഡൻ നേടിയ ഗോളുമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നൽകിയത്.