ആദ്യമത്സരത്തിൽ തകർത്തത് രണ്ടു റെക്കോർഡുകൾ, മൈക്കൽ സ്റ്റാറെ യുഗത്തിനു തുടക്കമായി

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയുടെ റിസർവ് ടീമും തമ്മിലുള്ള മത്സരത്തിന് ആരാധകർ കാത്തിരുന്നത് പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെക്ക് കീഴിൽ ടീം എങ്ങിനെയാണ് കളിക്കുന്നതെന്ന് അറിയാൻ വേണ്ടിയായിരുന്നു. എന്തായാലും കാത്തിരുന്നവർക്ക് സന്തോഷം നൽകി മികച്ച വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

വിദേശതാരങ്ങളായ നോഹ സദോയി, ക്വാമേ പെപ്ര എന്നിവർ ഹാട്രിക്ക് സ്വന്തമാക്കുകയും പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിറ്റ ഇരട്ടഗോളുകൾ നേടുകയും ചെയ്‌തപ്പോൾ എതിരില്ലാത്ത എട്ടു ഗോളുകളുടെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിക്കെതിരെ നേടിയത്. ഈ വിജയത്തിനൊപ്പം രണ്ടു റെക്കോർഡുകളും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയുണ്ടായി.

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നായ ഡ്യൂറൻഡ് കപ്പിലെ ഏറ്റവും വലിയ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഇതിനു മുൻപ് ഡ്യൂറൻഡ് കപ്പിൽ എട്ടു ഗോൾ വിജയം ഉണ്ടായിരിക്കുന്നത് ടൂർണമെന്റിന്റെ രണ്ടാം എഡിഷന്റെ ഫൈനലിൽ ആയിരുന്നു. ഹൈലാൻഡ് ലൈറ്റ് ഇൻഫാന്ററി എതിരില്ലാത്ത എട്ടു ഗോളുകൾക്ക് ഷിംല റൈഫിൾസിനെയാണ് അന്ന് കീഴടക്കിയത്.

1889ൽ നടന്ന ആ മത്സരത്തിന് ശേഷം പിന്നീട് ഡ്യൂറൻഡ് കപ്പിൽ എട്ടു ഗോളുകൾ പിറക്കുന്നത് ഇന്നലെയാണ്. അതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിൽ ആറു ഗോളുകളിൽ അധികം നേടുന്നതും ആദ്യമായാണ്. ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയമാണ് കഴിഞ്ഞ ദിവസം മുംബൈ സിറ്റി റിസർവ് ടീമിനെതിരെ സ്വന്തമാക്കിയത്.

മൈക്കൽ സ്റ്റാറെയെ സംബന്ധിച്ച് ഇന്ത്യയിലെ തുടക്കം ഗംഭീരമായി എന്ന കാര്യത്തിൽ സംശയമില്ല. മുംബൈ സിറ്റിയുടെ റിസർവ് ടീമിനോടാണ് കളിച്ചത് എന്നത് വിജയം മികച്ചതാക്കാൻ സഹായിച്ചിട്ടുണ്ട്. മികച്ച ടീമുകൾക്കെതിരെയും ഈ പ്രകടനം തുടരാൻ കഴിയുമോയെന്നാണ് ഇനി കാണേണ്ടത്. ഇനി പഞ്ചാബ് എഫ്‌സി, സിഐഎസ്എഫ് പ്രൊട്ടക്റ്റേഴ്‌സ് എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന് മത്സരമുള്ളത്.