കെയ്‌ലർ നവാസിനെ വെല്ലുന്ന പകരക്കാരൻ, ബ്രസീലിനെ തടുത്തു നിർത്തി കോസ്റ്ററിക്കൻ ഗോൾകീപ്പർ പാട്രിക്ക് സെക്വീര

കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിൽ ബ്രസീലിന്റെ സമനില ആരാധകർ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ബ്രസീലിനെ അപേക്ഷിച്ച് കരുത്ത് കുറഞ്ഞ ടീമായ കോസ്റ്റാറിക്കക്കെതിരെ വമ്പൻ താരങ്ങൾ അണിനിരന്ന ബ്രസീൽ മികച്ച പ്രകടനം നടത്തി അനായാസവിജയം നേടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മത്സരത്തിൽ സമനില കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.

ബ്രസീലിന്റെ മികച്ച മുന്നേറ്റനിരയെ കൃത്യമായി തടഞ്ഞു നിർത്തിയ കോസ്റ്ററിക്കൻ പ്രതിരോധത്തിനൊപ്പം ഗോൾകീപ്പർ പാട്രിക്ക് സെക്വീരയുടെ പ്രകടനവും പ്രശംസ അർഹിക്കുന്നുണ്ട്. കോസ്റ്റാറിക്കയുടെ ഇതിഹാസ ഗോൾകീപ്പറായ കെയ്‌ലർ നവാസിന് പകരക്കാരനായി എത്തിയ താരം ആ സ്ഥാനത്തിന് യോഗ്യനാണെന്ന് ഇന്നത്തെ മത്സരം കൊണ്ടു തെളിയിച്ചു.

മത്സരത്തിൽ മുഴുവൻ സമയവും കളിച്ച സെക്വീര മത്സരത്തിൽ നാലു സേവുകളാണ് നടത്തിയത്. അതിൽ രണ്ടെണ്ണം ബോക്‌സിന്റെ ഉള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു. എഴുപത്തിയെട്ടാം മിനുട്ടിൽ അരാനയുടെ ലോങ്ങ് റേഞ്ചറും അതിനു മുൻപ് കോസ്റ്റാറിക്കൻ താരത്തിന്റെ ഹെഡർ ഗോളിലേക്ക് വന്നതും താരം തടുത്തിട്ടത് അവിശ്വസനീയമായ രീതിയിലാണ്. മത്സരത്തിൽ കളിയിലെ താരവും സെക്വീര തന്നെയാണ്.

മുൻ റയൽ മാഡ്രിഡ് താരമായ കെയ്‌ലർ നവാസ് മാസങ്ങൾക്കു മുൻപാണ് ദേശീയടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. മുപ്പത്തിയേഴുകാരനായ താരം വിരമിച്ചതോടെ സ്‌പാനിഷ്‌ ക്ലബായ ഇബിസയിൽ കളിക്കുന്ന സെക്വീരക്ക് ടീമിന്റെ വല കാക്കാൻ അവസരം ലഭിച്ചത്. ഒരു പ്രധാന മത്സരത്തിൽ ഗംഭീര പ്രകടനം നടത്തി തന്റെ മികവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്‌തു.

2014 ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനമാണ് കെയ്‌ലർ നവാസിന് റയൽ മാഡ്രിഡ് ടീമിലേക്കുള്ള വഴി തുറന്നത്. കോസ്റ്റാറിക്കയെ ക്വാർട്ടർഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം പിന്നീട് റയൽ മാഡ്രിഡിന്റെ ഒന്നാം നമ്പർ ഗോളിയായി എല്ലാ നേട്ടങ്ങളും സ്വന്തമാക്കി. ഈ കോപ്പയിലെ പ്രകടനം സെക്വീരക്കും പുതിയൊരു ഭാവി നൽകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.