കേരള ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുന്നത് സീരി എ ക്ലബുമായി, സ്റ്റീവൻ ജോവെട്ടിക്കിനു പുതിയ ഓഫർ നൽകി

വരുന്ന സീസണിലേക്കായി പുതിയൊരു സ്‌ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ട്. നിലവിൽ ടീമിലുള്ള വിദേശതാരങ്ങളുടെ എണ്ണം കൃത്യമാണെങ്കിലും പെപ്ര, സോട്ടിരിയോ എന്നിവരിൽ ഒരാൾ പുറത്തു പോകുമെന്നും അതിനു പകരം മറ്റൊരു സ്‌ട്രൈക്കർ എത്തുമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

ആരാധകർക്ക് ആവേശം നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകളിൽ മുൻപ് കളിച്ചിരുന്ന സ്റ്റീവൻ ജോവെട്ടിക്കിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തിയിരുന്നത്. മോണ്ടിനെഗ്രോ ടീമിന്റെ നായകനായ ജോവെട്ടിക്കുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തി ഓഫർ നൽകിയിരുന്നെങ്കിലും താരം അത് നിരസിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന റിപ്പോർട്ടുകൾ.

എന്നാൽ ജോവെട്ടിക്കിനു വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. താരത്തിന് കൂടുതൽ മെച്ചപ്പെട്ട ഓഫർ നൽകിയാണ് ടീമിലെത്തിക്കാനുള്ള ശ്രമം ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. മികച്ച പ്രതിഫലത്തോടു കൂടിയുള്ള ഒരു വർഷത്തെ കരാറിന് പുറമെ അതൊരു വർഷത്തേക്ക് കൂടി നീട്ടാമെന്ന ഓപ്‌ഷനും ബ്ലാസ്റ്റേഴ്‌സ് നൽകുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. ജോവെട്ടിക്കിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുന്നത് ഇറ്റലിയിലെ ഒന്നാം ഡിവിഷൻ ക്ലബിനോടാണ്. സീരി എയിലെ പ്രധാനപ്പെട്ട ക്ലബുകളിൽ ഒന്നായ ജെനോവ മോണ്ടിനെഗ്രോ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ട്രാൻസ്‌ഫർ നടത്താൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് അതൊരു വലിയ നേട്ടമാണ്.

സ്റ്റീവൻ ജോവെട്ടിക്കിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് വളരെ കരുത്തുറ്റ ടീമായി മാറുമെന്നതിൽ സംശയമില്ല. കഴിഞ്ഞ സീസണിൽ യുവേഫ കോൺഫറൻസ് ലീഗ് കിരീടം നേടിയ ഒളിമ്പിയാക്കോസ്‌ ടീമിൽ അംഗമായിരുന്ന താരം കളിച്ച ക്ലബുകളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ അതിനേക്കാൾ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുമെന്നതിൽ സംശയമില്ല.