യുറുഗ്വായ് താരത്തിന്റെ പകരക്കാരനായിരുന്നവനാണ് ഞങ്ങളെ കളിയാക്കുന്നത്, ബ്രസീലിയൻ താരത്തിന് സുവാരസിന്റെ മറുപടി

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്രസീലിനെ കീഴടക്കി സെമി ഫൈനലിലേക്ക് മുന്നേറിയതിനു ശേഷം ബ്രസീലിയൻ താരമായ ആന്ദ്രെസ് പെരേരക്ക് മറുപടിയുമായി ലൂയിസ് സുവാരസ്. മത്സരത്തിന് മുൻപ് നടന്ന പത്രസമ്മേളനത്തിൽ ആന്ദ്രെസ് പെരേര യുറുഗ്വായ് ടീമിനെക്കുറിച്ച് നടത്തിയ പ്രതികരണത്തിനാണ് സുവാരസ് മറുപടി നൽകിയത്.

മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ യുറുഗ്വായെക്കാൾ കോപ്പ അമേരിക്ക നേടാൻ സാധ്യതയുള്ള ടീമാണു തങ്ങളെന്നും മത്സരത്തിൽ ബ്രസീൽ തന്നെ വിജയിക്കുമെന്നും പറഞ്ഞിരുന്നു. ഓരോ താരങ്ങളെ എടുത്തു നോക്കുകയാണെങ്കിൽ ബ്രസീലിനെപ്പോലെയൊരു ടീമിനെ ലഭിച്ചിരുന്നെങ്കിലെന്ന് യുറുഗ്വായ് ആഗ്രഹിക്കുമെന്ന് പെരേര പറഞ്ഞത് ശരിയായില്ലെന്നാണ് സുവാരസ് പറയുന്നത്.

“യുറുഗ്വായെക്കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങൾക്ക് കുറച്ചുകൂടി ബഹുമാനം വേണം. യുറുഗ്വായുടെ ചരിത്രം എന്താണെന്ന് അറിയാവുന്നതാണല്ലോ. ഈ വാക്കുകൾ പറഞ്ഞവൻ ഫ്‌ളമങ്ങോയിൽ യുറുഗ്വായ് താരമായ അറസ്‌കേറ്റയുടെ പകരക്കാരനായിരുന്നു. ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച താരമായിരുന്നു അറസ്‌കേറ്റ.” സുവാരസ് മാധ്യമങ്ങളോട് പറഞ്ഞു.

ക്വാർട്ടർ ഫൈനലിൽ രണ്ടു ടീമുകളും ഗോളൊന്നും നേടിയില്ലെങ്കിലും തുടക്കം മുതൽ അവസാനം വരെ ചൂട് പിടിച്ച മത്സരമായിരുന്നു. രണ്ടു ടീമുകളും കായികപരമായി എതിരാളികളെ നേരിടാൻ ശ്രമിച്ചപ്പോൾ കാർഡുകൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. അവസാന മിനിറ്റുകളിൽ ഒരു ചുവപ്പുകാർഡ് ലഭിച്ചതിനെ തുടർന്ന് യുറുഗ്വായ് പത്ത് പേരുമായാണ് കളിച്ചത്.

രണ്ടു ടീമുകളും തമ്മിലുള്ള മത്സരം ചൂട് പിടിക്കാൻ ഇതൊരു കാരണമായോയെന്ന് കരുതാവുന്നതാണ്. മത്സരത്തിൽ തോൽവി വഴങ്ങിയതോടെ തുടർച്ചയായ മൂന്നാമത്തെ ടൂർണമെന്റിലും ബ്രസീലിനു കിരീടമില്ലാതെയായി. ടൂർണമെന്റ് ഫേവറിറ്റുകളായ ബ്രസീലിനെ തോൽപ്പിച്ചതോടെ ബ്രസീൽ കിരീടപ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്.