കേരള ഫുട്ബോളിൽ മാറ്റത്തിന്റെ കാഹളം, സ്ലാട്ടനും കക്കയും കേരളത്തിലെ ക്ലബുകൾക്ക് വേണ്ടി കളിക്കും | Super League Kerala

കേരള ഫുട്ബോളിന്റെ മുഖഛായ മാറ്റാൻ പോകുന്ന ടൂർണമെന്റ് എന്ന് വിലയിരുത്തപ്പെടുന്ന സൂപ്പർ ലീഗ് കേരളയുടെ ആദ്യത്തെ സീസൺ എന്നാണ് ആരംഭിക്കുകയെന്ന കാര്യത്തിൽ തീരുമാനമായി. ഓഗസ്റ്റിൽ ടൂർണമെന്റ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ലോകഫുട്ബോളിലെ വമ്പൻ താരങ്ങൾ ടൂർണമെന്റിൽ പന്ത് തട്ടുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

കേരളത്തിലെ ഒരു പ്രമുഖ മാധ്യമം പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളായിരുന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, കക്ക, ഹൾക്ക്, കഫു തുടങ്ങിയ താരങ്ങൾ സൂപ്പർ ലീഗ് കേരളയിൽ കളിക്കാനുണ്ടാകും. വിദേശതാരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ലോകോത്തര നിലവാരത്തിൽ ടൂർണമെന്റ് നടത്താനുള്ള പദ്ധതിയാണ് സംഘാടകർക്കുള്ളത്.

ഐഎസ്എല്ലിന്റെ മാതൃകയിൽ ഫ്രാഞ്ചൈസികൾ വഴിയുള്ള ക്ലബുകളാണ് ലീഗിൽ പങ്കെടുക്കുന്നത്. ഏതൊക്കെ ഫ്രാഞ്ചൈസികളാണ് ലീഗിൽ ഉണ്ടാവുകയെന്നത് അടുത്ത മാസം വ്യക്തമാക്കും. സൂപ്പർ ലീഗ് കേരളയുടെ സിഇഓയായ മാത്യു ജോസഫാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് വളരെയധികം ആവേശമുണ്ടാക്കുന്ന വാർത്തയാണിത്.

ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കുന്ന ടൂർണമെന്റിൽ ആര് ടീമുകളാകും പങ്കെടുക്കുക. കേരളത്തിൽ നിന്നുള്ള ടീമുകൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുക്കുമെന്നാണ് സൂചനകൾ നൽകുന്നത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് മുനിസിപ്പൽ സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവയാണ് നിലവിൽ വേദികളായി പരിഗണനയിലുള്ളത്.

സ്ലാട്ടൻ, കക്ക, കഫു, ഹൾക്ക് തുടങ്ങിയവർ ടൂർണമെന്റിന്റെ ഐക്കൺ താരങ്ങളാകാൻ സമ്മതിച്ചിട്ടുണ്ട്. ഇത് ടൂർണമെന്റിന് കൂടുതൽ പ്രശസ്‌തിയുണ്ടാകാൻ സഹായിക്കും. സ്റ്റാർ സ്പോർട്ട്സ്, ഡിസ്‌നി ഹോട്ട്സ്റ്റാർ എന്നിവർ മത്സരം ടെലികാസ്റ്റ് ചെയ്യും.ആറു വിദേശതാരങ്ങളെ ഒരു ടീമിൽ ഉൾപ്പെടുത്തി നടക്കുന്ന ടൂർണമെന്റ് മികച്ച രീതിയിൽ സംഘടിക്കപ്പെട്ടാൽ അത് കേരളത്തിന്റെ ഫുട്ബോൾ സംസ്‌കാരത്തെ തന്നെ മാറ്റുമെന്നതിൽ സംശയമില്ല.

Super League Kerala To Start In August 2024