പോർച്ചുഗലും ബ്രസീലും മൗറീന്യോയെ ലക്ഷ്യമിടുന്നുണ്ട്, സ്ഥിരീകരിച്ച് റോമ താരം
ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയുമായെത്തി നേരത്തെ പുറത്തായ രണ്ടു ടീമുകളായിരുന്നു പോർച്ചുഗലും ബ്രസീലും. ബ്രസീൽ ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോൽവി വഴങ്ങിയപ്പോൾ ബ്രസീൽ തോറ്റത് ഈ ലോകകപ്പിൽ വമ്പൻ കുതിപ്പ് നടത്തിയ മൊറോക്കോ ടീമിനോടായിരുന്നു. ഇതോടെ പോർച്ചുഗലിന് യൂറോ കിരീടം സമ്മാനിച്ച പരിശീലകനായ ഫെർണാണ്ടോ സാന്റോസും ബ്രസീലിനു കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്തിട്ടുള്ള ടിറ്റെയും ടീമിന്റെ സ്ഥാനം ഒഴിയുകയും ചെയ്തു.
പരിശീലകർ പടിയിറങ്ങി പോയതോടെ പുതിയ മാനേജർമാരെ തേടുകയാണ് ഈ രണ്ടു ടീമുകളും. ബ്രസീൽ പരിശീലകരെ തന്നെ സ്ഥിരമായി നിയമിക്കാറുള്ള ബ്രസീൽ ഇത്തവണ അതിൽ നിന്നും വ്യത്യസ്തമായി യൂറോപ്പിൽ നിന്നുള്ള മികച്ച മാനേജർമാരെയാണ് തേടുന്നത്. മികച്ച യുവതാരങ്ങളുള്ള പോർച്ചുഗലും യൂറോപ്പിൽ കഴിവു തെളിയിച്ച പരിചയസമ്പന്നനായ പരിശീലകനെ തേടുമ്പോൾ രണ്ടു ടീമുകളുടെയും മുന്നിലുള്ള ഒരാൾ നിലവിൽ റോമ മാനേജരായ മൗറീന്യോയാണ്. കഴിഞ്ഞ ദിവസം റോമയുടെ സ്ട്രൈക്കറായ ടാമി അബ്രഹാം ഈ രണ്ടു ടീമുകൾക്കും മൗറീന്യോയിൽ താൽപര്യമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
Tammy Abraham claims it's an 'honour' that Portugal want to hire Jose Mourinho as their next boss https://t.co/ewtqkYuI7Q
— MailOnline Sport (@MailSport) December 24, 2022
“അദ്ദേഹം മികച്ചൊരു പരിശീലകനാണ്, എല്ലാവർക്കും അദ്ദേഹത്തെ ആവശ്യമുണ്ടാവുകയും ചെയ്യും. പോർച്ചുഗൽ, ബ്രസീൽ പോലെയുള്ള പ്രധാനപ്പെട്ട രാജ്യങ്ങൾ മൗറീന്യോയെ പിന്തുടരുന്നത് വലിയ ബഹുമതിയാണ്. പക്ഷെ അദ്ദേഹം റോമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് എനിക്കു പറയാൻ കഴിയും. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ വായിക്കും, പക്ഷെ അതേക്കുറിച്ച് സംസാരിക്കാറില്ല. മൗറീന്യോ ഞങ്ങളെ മെച്ചപ്പെടുത്താൻ വേണ്ടിയാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സീസണിൽ ഞങ്ങൾ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.” ടാമി എബ്രഹാം പറഞ്ഞു.
“മൗറീന്യോ ഞങ്ങൾക്കൊരു അങ്കിളിനെ ലഭിച്ചതു പോലെയാണെന്ന് ഞാൻ മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങിനെയാണ് ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്. എന്നിൽ നിന്നും എല്ലായിപ്പോഴും ഏറ്റവും മികച്ചത് താരം പ്രതീക്ഷിക്കുന്നു, വളരെയധികം പ്രചോദനവും താരം നൽകുന്നു. ഞാൻ മോശമായി കളിച്ചാൽ അദ്ദേഹം പറയും, അതിൽ മൗറീന്യോ സംതൃപ്തനാകില്ല. അതാണ് എനിക്കും വേണ്ടത്, എന്നെ എല്ലായിപ്പോഴും നേരായ വഴിക്ക് നടത്തുന്ന പരിശീലകനെ.” താരം കൂട്ടിച്ചേർത്തു.
Tammy Abraham backs Mourinho: “Portugal?Everybody wants him, but he’s focused on Roma.” https://t.co/2zWtyNhsyA
— RomaPress (@ASRomaPress) December 22, 2022
ഈ രണ്ടു ടീമുകളും പുതിയ പരിശീലകനെ നിയമിക്കാൻ ഈ സീസൺ കഴിയുന്നത് വരെ കാത്തിരിക്കാൻ തയ്യാറാണ് എന്നതിനാൽ മൗറീന്യോ റോമ പരിശീലകസ്ഥാനം ഒഴിയാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അതേസമയം അദ്ദേഹം ഏതു ടീമിനെയാണ് തിരഞ്ഞെടുക്കുക എന്നത് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്. ബ്രസീൽ മൗറീന്യോക്ക് പുറമെ കാർലോ ആൻസലോട്ടി, സിദാൻ തുടങ്ങിയവരെയും നോട്ടമിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.