ബ്രസീൽ ടീമിന്റെ യഥാർത്ഥ പ്രശ്‌നമിതാണ്, ഈ വീഡിയോ ദൃശ്യങ്ങൾ അത് വ്യക്തമാക്കിത്തരും

തുടർച്ചയായ മൂന്നാമത്തെ പ്രധാന ടൂർണമെന്റും ബ്രസീൽ കിരീടമില്ലാതെ പൂർത്തിയാക്കി. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ ടീമിലുണ്ടായിട്ടും അന്താരാഷ്‌ട്ര ടൂർണമെന്റുകളിൽ ബ്രസീലിനു എവിടെയുമെത്താൻ കഴിയുന്നില്ല. അതിന്റെ കാരണമെന്താണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിനു തൊട്ടു മുൻപുള്ള ദൃശ്യങ്ങൾ അത് വ്യക്തമാക്കി നൽകുന്നു.

ബ്രസീൽ ടീമിലെയും യുറുഗ്വായ് ടീമിലെയും താരങ്ങൾ പെനാൽറ്റി ഷൂട്ടൗട്ടിനു മുൻപ് ഒരുമിച്ചു കൂടി നിൽക്കുകയാണ്. യുറുഗ്വായ് താരങ്ങൾക്ക് പരിശീലകൻ മാഴ്‌സലോ ബിയൽസ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്, താരങ്ങൾ അത് ശ്രദ്ധാപൂർവം കേൾക്കുന്നുണ്ട്. എന്നാൽ ബ്രസീൽ ടീമിലെ താരങ്ങൾ കൂടി നിൽക്കുന്ന സ്ഥലത്തെ സ്ഥിതി തീർത്തും വ്യത്യസ്‌തമായിരുന്നു.

ബ്രസീൽ താരങ്ങളെല്ലാം ഒരുമിച്ചു കൂടി നിൽക്കുന്ന സർക്കിളിന്റെ പുറത്താണ് പരിശീലകൻ ഡോറിവൽ ജൂനിയർ നിൽക്കുന്നത്. ബ്രസീലിലെ താരങ്ങളോട് ആരാണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ല. എന്തായാലും ആ ചർച്ചയിലേക്ക് കടക്കാൻ പരിശീലകൻ ശ്രമിക്കുന്നുണ്ടെങ്കിലും താരങ്ങളൊന്നും ഗൗനിക്കുന്നില്ലെന്നാണ് ദൃശ്യങ്ങളിൽ നിന്നും മനസിലാകുന്നത്.

ടീം ചർച്ചയിൽ പരിശീലകനാവില്ല എല്ലായിപ്പോഴും സംസാരിക്കുക. ചിലപ്പോൾ ടീമിന്റെ നായകനോ ടെക്‌നിക്കൽ സ്റ്റാഫിലെ അംഗങ്ങളോ ഒക്കെയാകാം. എന്നാൽ ബ്രസീലിന്റെ കാര്യത്തിൽ ഒരു വ്യത്യാസമുള്ളത് ഡോറിവൽ ജൂനിയർ ആ ചർച്ചയിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ്.

അതിനു പുറമെ ബ്രസീൽ ടീമിന് പെനാൽറ്റി എടുക്കുന്ന കാര്യത്തിൽ വ്യക്തമായൊരു പദ്ധതി ഉണ്ടായിരുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഒരു മെയിൻ പെനാൽറ്റി ടേക്കറെ ആദ്യം അയക്കാതെ അതിൽ വലിയ പരിചയമൊന്നും ഇല്ലാത്ത ഡിഫൻഡർ എഡർ മിലീറ്റാവോയെ അയച്ചത് അതിന്റെ ഭാഗമായാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഒരു പരിശീലകന് ടീമിന് മുകളിൽ നിയന്ത്രണം ആവശ്യമാണ്. എങ്കിൽ മാത്രമേ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കഴിയൂ. എന്നാൽ ബ്രസീൽ പരിശീലകന് അതുണ്ടോയെന്ന് സംശയമാണ്. ടീമിന്റെയും ഫുട്ബോൾ ഫെഡറേഷന്റെയും സമീപനത്തിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.