ആരാധകർ നൽകിയ പിന്തുണയും ധൈര്യവും മറക്കാനാകില്ല, ബ്ലാസ്റ്റേഴ്സ് ജേഴ്സി വീണ്ടുമണിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഐബാൻ
എഫ്സി ഗോവയിൽ നിന്നും കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറിയ ഐബാൻ ഡോഹ്ലിങ് ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായിരുന്നെങ്കിലും അത് അധികകാലം തുടരാനായില്ല. മത്സരത്തിനിടെ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വന്നതിനെ തുടർന്ന് ഐബാൻ ഏതാനും മത്സരങ്ങൾ മാത്രമാണ് കളിച്ചത്.
പരിക്കേറ്റു പുറത്തു പോയെങ്കിലും ഐബാൻ മറ്റൊരു തരത്തിൽ ടീമിനെ സഹായിച്ചു. മുൻപ് ഗോവയിൽ കളിച്ചപ്പോഴുള്ള സൗഹൃദം ഉപയോഗപ്പെടുത്തി അവരുടെ ഗോൾ മെഷീനായ നോഹ സദോയിടെ ടീമിലെത്തിക്കാൻ താരം നിർണായക പങ്കു വഹിച്ചു. ഈ സീസണിൽ ഇരുവരും കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഒരുമിച്ചിറങ്ങുകയും ചെയ്തിരുന്നു.
📲 Aibanbha Dohling on IG 💛 #KBFC pic.twitter.com/cCwE0xPOqf
— KBFC XTRA (@kbfcxtra) August 2, 2024
പരിക്കിൽ നിന്നും പൂർണമായും മുക്തനായ ഐബാൻ വീണ്ടും ടീമിലെ പ്രധാനിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡ്യൂറൻഡ് കപ്പിൽ നടന്ന ആദ്യത്തെ മത്സരത്തിൽ നോഹ സദോയി നേടിയ ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയത് താരമായിരുന്നു. അതിനു ശേഷം ടീമിലേക്ക് തിരിച്ചു വന്നതിൽ സന്തോഷം പ്രകടിപ്പിച്ച് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
“286 ദിവസങ്ങൾക്കു ശേഷം ഈ ജേഴ്സിയണിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കായികപരമായും മാനസികമായും എന്നെ പരീക്ഷിച്ച ദിവസങ്ങളായിരുന്നു അത്. തിരിച്ചുവരവിന് എനിക്ക് ചുറ്റുമുള്ളവരുടെ പിന്തുണ പ്രധാനമായിരുന്നു. സർജൻ, ഫിസിയോ, ടീമിലെ സഹതാരങ്ങൾ, സ്റ്റാഫുകൾ എന്നിവർക്ക് നന്ദി പറയുന്നു. അതുപോലെ എനിക്ക് പിന്തുണയും ധൈര്യവും നൽകിയ ആരാധകർക്കും കുടുംബത്തിനും നന്ദി.” താരം കുറിച്ചു.
ഡ്യൂറൻഡ് കപ്പിലെ എട്ടു ഗോൾ വിജയം പുതിയൊരു തുടക്കമാണെന്നും ഇനിയും മുന്നോട്ടു പോകാനുണ്ടെന്നും താരം അതിനൊപ്പം കുറിച്ചിട്ടുണ്ട്. വരുന്ന സീസണിൽ ഐബാൻ, നവോച്ച സിങ് എന്നിവരുള്ളതിനാൽ ലെഫ്റ്റ് ബാക്ക് സ്ഥാനം ഭദ്രമാണ്. രണ്ടു താരങ്ങളെയും പൂർണമായും വിശ്വസിക്കാൻ കഴിയുമെന്നത് ബ്ലാസ്റ്റേഴ്സിനു കൂടുതൽ കരുത്ത് നൽകുന്നു.