ഒന്നിനു പുറകെ ഒന്നായി മൂന്നു പരിശീലകരെ യൂറോപ്പിലെ ക്ലബുകളിൽ നിന്നും പുറത്താക്കി

യൂറോപ്യൻ ഫുട്ബോളിൽ ഇന്നു പരിശീലകരെ പുറത്താക്കുന്ന ദിവസം. ഒന്നിനു പുറകെ ഒന്നായി മൂന്നു പരിശീലകരാണ് യൂറോപ്പിലെ വിവിധ ക്ലബുകളിൽ നിന്നും പുറത്താക്കപ്പെട്ടത്. ഇതിൽ രണ്ടു ക്ലബുകളുടെ പരിശീലകരും പുറത്തു പോയത് ചാമ്പ്യൻസ് ലീഗിലേറ്റ തോൽവിക്കു പിന്നാലെയായിരുന്നു. ചെൽസി പരിശീലകൻ തോമസ് ടുഷെൽ, ആർബി ലീപ്‌സിഗ് പരിശീലകൻ ഡൊമെനിക്കോ ടെഡിസ്‌കോ, ഇറ്റാലിയൻ ക്ലബായ ബൊളോഗ്‌നയുടെ പരിശീലകനായ സിനിസ മിഹാലോവിച്ച് എന്നിവരാണ് പുറത്താക്കപ്പെട്ടത്.

ഈ സീസണിൽ ചെൽസിയുടെ മോശം ഫോമാണ് തോമസ് ടുഷെൽ പുറത്തു പോകാൻ കാരണമെന്നാണ് കരുതപ്പെടുന്നത്. ആകെ ഏഴു മത്സരങ്ങൾ കളിച്ച ചെൽസിക്ക് അതിൽ മൂന്നെണ്ണത്തിൽ മാത്രമേ വിജയം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. അതിനു പുറമെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പൊതുവെ ദുർബലരായ ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രബിനെതിരെ ചെൽസി തോൽവിയും വഴങ്ങി. എന്നാൽ ടീമിന് മൂന്നു കിരീടങ്ങൾ നൽകിയ ടുഷെലിനെ പുറത്താക്കാനുള്ള ചെൽസി നേതൃത്വത്തിന്റെ തീരുമാനം ആരാധകർക്ക് അത്ര സ്വീകാര്യമായിട്ടില്ല.

പത്തു മാസം മാത്രമായി ലീപ്‌സിഗ് പരിശീലകസ്ഥാനത്തുള്ള ടെഡെസ്‌കോയെ പുറത്താക്കാൻ ജർമൻ ക്ലബായ ആർബി ലീപ്‌സിഗ് തീരുമാനിച്ചത് ചാമ്പ്യൻസ് ലീഗ് തോൽവിയുടെ പിന്നാലെയാണ്. യുക്രൈൻ ക്ലബായ ഷാക്തറിനെതിരെ ഒന്നിനെതിരെ നാല് ഗോളുകളുടെ തോൽവിയാണു അവർ ഇന്നലെ ഏറ്റു വാങ്ങിയത്. ഈ സീസണിൽ എട്ടു മത്സരങ്ങൾ കളിച്ച ആർബി ലീപ്‌സിഗിന് അതിൽ രണ്ടെണ്ണത്തിൽ മാത്രമേ വിജയം നേടാൻ കഴിഞ്ഞുള്ളൂവെന്നതും ടെഡെസ്‌കോയുടെ പുറത്താകലിനു കാരണമായി.

പുറത്താക്കപ്പെട്ട മറ്റൊരു പരിശീലകൻ ഇറ്റാലിയൻ ക്ലബായ ബൊളോഗ്‌നയുടെ സിനിസ മിഹാലോവിച്ചാണ്. ഈ സീസണിൽ അഞ്ചു മത്സരങ്ങളിൽ കളിച്ച ബൊളോഗ്‌നയെ ഒരെണ്ണത്തിൽ പോലും വിജയത്തിൽ എത്തിക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് അദ്ദേഹത്തെ പുറത്താക്കാൻ ക്ലബ് തീരുമാനം എടുക്കുന്നത്. ബൊളോഗ്‌നയുടെ പരിശീലകനായി രണ്ടാം തവണയും നിയമിതനായ അദ്ദേഹം 2019ലാണ് ടീമിന്റെ സ്ഥാനം ഏറ്റെടുക്കുന്നത്. തരം താഴ്ത്തൽ മേഖലയിൽ നിന്നും ടീമിനെ രക്ഷിക്കാൻ സിനിസക്ക് കഴിഞ്ഞിട്ടുണ്ട്.

മൂന്നു പരിശീലകർ പുറത്താക്കപ്പെട്ടപ്പോൾ സ്‌പാനിഷ്‌ ക്ലബായ സെവിയ്യയുടെ പരിശീലകൻ ഹുലൻ ലോപടെയി പുറത്താകലിന്റെ വക്കിൽ നിൽക്കുകയാണ്. ഈ സീസണിൽ അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അതിൽ ഒരെണ്ണം പോലും വിജയിക്കാതിരുന്ന സെവിയ്യ നാലെണ്ണത്തിലും തോൽവി വഴങ്ങി. മുൻ വർഷങ്ങളിൽ സെവിയ്യക്ക് മികച്ച നേട്ടമുണ്ടാക്കി നൽകിയ പരിശീലകനാണെങ്കിലും ഏതു നിമിഷവും അദ്ദേഹം പുറത്താക്കപ്പെടാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.