ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരം കേരളത്തിലേക്ക് തിരിച്ചെത്തുമോ, പ്രതികരണവുമായി ഹോസു കുറൈസ്
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഒരു സീസൺ മാത്രമേ കളിച്ചുള്ളൂവെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ കളിക്കാരനാണ് സ്പാനിഷ് ലെഫ്റ്റ്ബാക്കായ ഹോസു കുറൈസ്. ടീമിന് വേണ്ടി ആത്മാർത്ഥമായ പ്രകടനം നടത്തിയതിനാൽ ആരാധകർ ഇന്നും മനസിൽ കൊണ്ടു നടക്കുന്ന താരം ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്താറുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മറക്കാത്തതു പോലെ ഹോസു കേരള ബ്ലാസ്റ്റേഴ്സിനേയും ഒരിക്കലും മറക്കില്ല. അത്രയും വലിയ പിന്തുണയും സ്നേഹവുമായി ആരാധകർ താരത്തിന് നൽകിയിട്ടുള്ളത്. എന്തായാലും ഹോസു കേരളത്തിലേക്ക് മടങ്ങി വരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ വളരെയധികം സജീവമായിരുന്നു.
Not true at all
— Josu (@CurraisJosu) July 27, 2024
സെപ്തംബറിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ ലീഗിലെ ക്ലബായ തിരുവനന്തപുരം കൊമ്പൻസിന്റെ താരമായി ഹോസു കേരളത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ഒരു വർഷത്തെ കരാറിൽ താരത്തെ കൊമ്പൻസ് സ്വന്തമാക്കിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്.
എന്നാൽ ഇക്കാര്യത്തിൽ ഹോസു തന്നെ മറുപടി നൽകിയിട്ടുണ്ട്. ഒരു ആരാധകൻ ട്വിറ്ററിൽ മാർക്കസ് മെർഗുലാവോയോട് ഹോസു കേരളത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് ചോദിച്ചപ്പോൾ അതുമായി ബന്ധപ്പെട്ട വാർത്ത തെറ്റാണെന്നാണ് താരം കുറിച്ചത്. ഇതോടെ ആരാധകരുടെ പ്രിയപ്പെട്ട താരം കേരളത്തിലേക്ക് എത്തില്ലെന്ന് വ്യക്തമായിട്ടുണ്ട്.
മുപ്പത്തിയൊന്നുകാരനായ ഹോസു സ്പാനിഷ് ക്ലബായ എസ്കലയിലാണ് അവസാനമായി കളിച്ചത്. നിലവിൽ ഫ്രീ ഏജന്റായ താരം അടുത്തതായി ചേക്കേറുക എവിടേക്കാണെന്ന് യാതൊരു വ്യക്തതയുമില്ല. അതിനിടയിൽ മറ്റൊരു മുൻ ബ്ലാസ്റ്റേഴ്സ് താരമായ ബെൽഫോർട്ട് സൂപ്പർ ലീഗ് കേരള ക്ലബായ കാലിക്കറ്റ് എഫ്സിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്.