പെപ്ര ഈ സീസണിൽ കളിക്കില്ല, പകരക്കാരനായി വിദേശതാരത്തെ തിരിച്ചുവിളിച്ച് കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതി ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് തിരിച്ചടിയായി വിദേശതാരമായ ക്വാമേ പെപ്രയുടെ പരിക്ക്. കലിംഗ സൂപ്പർകപ്പിനിടെ പരിക്കേറ്റ താരത്തിന് ഈ സീസൺ മുഴുവൻ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ അവസരത്തിൽ താരത്തിന് പകരക്കാരനെ തിരിച്ചു വിളിക്കാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുകയാണ്.
നിലവിൽ ഗോകുലം കേരളയിൽ കളിച്ചു കൊണ്ടിരിക്കുന്ന നൈജീരിയൻ താരമായ ഇമ്മാനുവൽ ജസ്റ്റിനെയാണ് ബ്ലാസ്റ്റേഴ്സ് തിരിച്ചു വിളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്ന താരം അതിനു പിന്നാലെ തന്നെ ഗോകുലം കേരളയിലേക്ക് ലോണിൽ ചേക്കേറിയിരുന്നു. ഒരു വർഷത്തെ ലോൺ കരാർ റദ്ദാക്കി താരത്തെ നേരത്തെ തിരിച്ചെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.
🚨🎖️Kerala Blasters FC have decided on immediate recall of loanee Justine Emmanuel from Gokulam Kerala 🦅🇳🇬 @90ndstoppage #KBFC pic.twitter.com/We77RTicBy
— KBFC XTRA (@kbfcxtra) January 26, 2024
നിലവിൽ ബ്ലാസ്റ്റേഴ്സിനു മുന്നിലുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് ഇമ്മാനുവൽ ജസ്റ്റിനെ തിരിച്ചു വിളിക്കുകയെന്നത്. ഈ സീസണിൽ ഗോകുലം കേരളക്കായി ലീഗിലും സൂപ്പർ കപ്പിലുമായി പതിനൊന്നു മത്സരങ്ങൾ കളിച്ച താരം ഒരു ഗോളാണ് നേടിയത്. ഇരുപതുകാരനായ താരത്തിന് തന്റെ മികവ് കൂടുതൽ പ്രദർശിപ്പിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം അല്ലെങ്കിലും ഇവാൻ വുകോമനോവിച്ചിന് കീഴിൽ ഇമ്മാനുവൽ ജസ്റ്റിൻ പരിശീലനം നടത്തിയിട്ടുണ്ട്. അതിനു പുറമെ ടീമിന്റെ പ്രകടനത്തെ താരം നല്ല രീതിയിൽ പിന്തുടരുകയും ചെയ്യുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ പല താരങ്ങളുമായും നല്ല ബന്ധമുള്ള ഇമ്മാനുവൽ ജസ്റ്റിൻ വളരെ പെട്ടന്ന് തന്നെ ടീമുമായി ഇണങ്ങിച്ചേരാൻ സാധ്യതയുണ്ട്.
അതേസമയം പെപ്രയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സ് ടീമിന് തിരിച്ചടി തന്നെയാണ്. സീസണിന്റെ തുടക്കത്തിൽ പതറി ഇപ്പോൾ മികച്ച പ്രകടനം നടത്തുന്ന താരം ഫോമിലേക്ക് എത്തിയപ്പോഴാണ് പരിക്കേറ്റു പുറത്തു പോയിരിക്കുന്നത്. കളിക്കളത്തിൽ മുഴുവൻ സമയവും അധ്വാനിക്കുന്ന താരത്തിന്റെ പ്രെസ്സിങ് മികവ് ബ്ലാസ്റ്റേഴ്സ് മിസ് ചെയ്യുമെന്നുറപ്പാണ്.
Kerala Blasters Recall Loanee Emmanuel Justine