മെസി ചാന്റുകളോട് അശ്ലീലച്ചുവയോടെ പ്രതികരിച്ചു, റൊണാൾഡൊക്കെതിരെ നിയമനടപടിയുമായി സൗദി ക്ലബ് | Ronaldo
സൗദി പ്രൊ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ആരാധകർക്ക് നേരെ അശ്ലീലച്ചുവയോടെയുള്ള ആംഗ്യം കാണിച്ച ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ കുരുക്ക് വീഴാൻ സാധ്യത. അൽ നസ്റും അൽ ഷബാബും തമ്മിൽ നടന്ന മത്സരത്തിലാണ് സംഭവം നടന്നത്. അൽ ഷബാബിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അവരുടെ ആരാധകരുടെ പ്രകോപനത്തോട് പ്രതികരിച്ചതായിരുന്നു റൊണാൾഡോ.
രണ്ടു ടീമുകളും ഇഞ്ചോടിഞ്ചു പോരാടിയ മത്സരത്തിൽ ബ്രസീലിയൻ താരമായ ആൻഡേഴ്സൺ ടാലിസ്കയുടെ ഇരട്ടഗോളുകളിൽ അൽ നസ്ർ വിജയം നേടിയിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നസ്ർ വിജയം നേടിയത്. മത്സരത്തിൽ അൽ നസ്റിന്റെ ആദ്യത്തെ ഗോൾ നേടിയത് റൊണാൾഡോയാണ്. അതിനു പിന്നാലെയാണ് വിവാദസംഭവം അരങ്ങേറിയത്.
Cristiano Ronaldo to Al Shabab fans 😭😭pic.twitter.com/kVIwUtIE5I
— CristianoXtra (@CristianoXtra_) February 25, 2024
റൊണാൾഡോ ഗോൾ നേടിയതിനു പിന്നാലെ അൽ ഷബാബ് ആരാധകർ ലയണൽ മെസിയുടെ പേര് ഉറക്കെ വിളിച്ചു പറയാനാരംഭിച്ചു. ആദ്യം കേൾക്കുന്നില്ലെന്ന രീതിയിൽ ചെവിയോട് കൈ ചേർത്താണ് റൊണാൾഡോ പ്രതികരിച്ചത്. അൽ ഷബാബ് ആരാധകർ കൂടുതൽ ഉച്ചത്തിൽ ചാന്റുകൾ മുഴക്കിയപ്പോൾ റൊണാൾഡോ പ്രകോപിതനാവുകയും ആരാധകർക്ക് നേരെ അശ്ളീല ആംഗ്യം കാണിക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ അൽ ഷബാബ് ക്ലബിന്റെ നേതൃത്വം താരത്തിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മതപരമായ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന സൗദിയിൽ ഇത്തരം ആംഗ്യം പൊതുവിടത്തിൽ കാണിക്കുന്ന ശിക്ഷാർഹമാണ്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ നടപടിയുണ്ടാകുമോയെന്നു കണ്ടറിയേണ്ട കാര്യമാണ്.
മത്സരത്തിൽ വിജയം നേടിയെങ്കിലും റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ ഇപ്പോഴും സൗദി പ്രൊ ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറവ് കളിച്ച അൽ ഹിലാൽ അൽ നസ്റിനെക്കാൾ നാല് പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. കഴിഞ്ഞ സീസണിലും അൽ നസ്ർ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Ronaldo To Be Investigated For Obscene Gesture