കൂവി വിളിച്ച ഫ്രഞ്ച് ആരാധകരെ നിശബ്ദമാക്കി, പെനാൽറ്റി സേവുകളുമായി ആസ്റ്റൺ വില്ലയെ സെമിയിലെത്തിച്ച് എമിലിയാനോ | Emiliano Martinez
യുവേഫ കോൺഫറൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആസ്റ്റൺ വില്ലക്കു വേണ്ടി അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ഹീറോയിസം. മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും ടീമുകൾ സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടു പെനാൽറ്റി കിക്കുകൾ തടഞ്ഞിട്ട് ടീമിനെ സെമി ഫൈനലിലെത്തിക്കാൻ എമിലിയാനോക്ക് കഴിഞ്ഞു.
ഖത്തർ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ടുള്ള രോഷം ഇപ്പോഴും ഫ്രാൻസിലെ ആരാധകരുടെ മനസിൽ ഉള്ളതിനാൽ അവർ നരകതുല്യമായ ഒരു അന്തരീക്ഷമാണ് എമിലിയാനോ മാർട്ടിനസിനായി ഒരുക്കിയിരുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ എമിലിയാനോ നിന്നിരുന്ന പോസ്റ്റിന്റെ പിന്നിൽ ഒത്തുകൂടി കനത്ത വിസിലുകളും കൂക്കി വിളികളും ഫ്രഞ്ച് ആരാധകർ നടത്തിയിരുന്നു.
Emiliano Martínez silencing the crowd in France while saving two penalty kicks. Just Emiliano Martínez things. 🇦🇷 pic.twitter.com/9pOqwrl4G0
— Roy Nemer (@RoyNemer) April 18, 2024
ആദ്യപാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ച വില്ലക്കെതിരെ ലില്ലെ സ്വന്തം മൈതാനത്ത് രണ്ടു ഗോളുകൾ നേടി മുന്നിലെത്തിയെങ്കിലും എൺപത്തിയേഴാം മിനുട്ടിൽ മാറ്റി കാഷിന്റെ ഗോൾ വില്ലയെ രക്ഷിച്ചു. അതിനു ശേഷം എക്സ്ട്രാ ടൈമിലും രണ്ടു ടീമുകളും ഗോൾ നേടാൻ പരാജയപ്പെട്ടതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി എമിലിയാനോ ഹീറോയാകുന്നത്.
Il les a own en CDM ils ont eu le seum maintenant il vient les own encore à domicile chez eux mais c’est qui ce Emiliano Martinez 😂😂😂😂😂. pic.twitter.com/KvdzRKuCr0
— Lamine Yamal (@Lamine_27) April 18, 2024
മത്സരത്തിലെ ആദ്യത്തെ കിക്ക് തടുത്തിട്ട എമിലിയാനോ വില്ലക്ക് മുൻതൂക്കമുണ്ടാക്കി നൽകി. അതിനു ശേഷമുള്ള വില്ലയുടെയും ലില്ലെയുടെയും മൂന്നു കിക്കുകളും ലക്ഷ്യത്തിലെത്തി. വില്ലയുടെ നാലാമത്തെ കിക്ക് ഗോൾകീപ്പർ തടുത്തിട്ടതോടെ അവസാനത്തെ കിക്ക് നിർണായകമായി. വില്ല താരം അതിൽ ലക്ഷ്യം കാണുകയും ലില്ലെയുടെ കിക്ക് എമിലിയാനോ തടുത്തിടുകയും ചെയ്തതോടെ വില്ല വിജയം നേടി.
തന്നെ കൂവി വിളിച്ച ആരാധകർക്ക് കളിക്കളത്തിൽ മറുപടി നൽകുകയാണ് എമിലിയാനോ ചെയ്തത്. ആദ്യത്തെ പെനാൽറ്റി സേവിന് ശേഷം ഫ്രഞ്ച് ആരാധകരോട് നിശബ്ദരാകാൻ പറഞ്ഞ എമിലിയാനോ അവസാനത്തെ പെനാൽറ്റി സേവ് നടത്തിയ ശേഷം അവരുടെ മുന്നിൽ ഡാൻസും കളിച്ചു. അങ്ങിനെ എമിലിയാനോയുടെ ഹീറോയിസമാണ് ഇന്നലെ കളിക്കളത്തിൽ കണ്ടത്.
Emiliano Martinez Silenced Lille Fans