പണത്തേക്കാൾ വലുതാണ് കേരള ബ്ലാസ്റ്റേഴ്‌സ്, അഡ്രിയാൻ ലൂണ എവിടേക്കും പോകുന്നില്ല | Adrian Luna

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന പ്രഖ്യാപനം വന്നത് ആരാധകർക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു. അതിനു പിന്നാലെ ആശങ്കയുണ്ടായ കാര്യമാണ് ടീമിലെ പ്രധാന താരമായ അഡ്രിയാൻ ലൂണ ക്ലബ് വിടുമോയെന്നത്. ഇവാൻ വുകോമനോവിച്ചിന്റെ പദ്ധതികളിൽ പ്രധാന താരമായിരുന്നു അഡ്രിയാൻ ലൂണയെന്നതു തന്നെയാണ് അതിനു കാരണം.

ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനം ഒഴിയുന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ എഫ്‌സി ഗോവ അഡ്രിയാൻ ലൂണക്ക് വേണ്ടി ശ്രമം നടത്തുന്ന വാർത്ത പുറത്തു വന്നത് ആരാധകരിൽ കൂടുതൽ ആശങ്ക സൃഷ്‌ടിച്ചു. താരത്തിനായി മികച്ച ഓഫറുണ്ടെന്നതും ഇവാൻ വുകോമനോവിച്ച് ടീമിനൊപ്പം ഇല്ലാത്തതും ലൂണയുടെ മനസിനെ സ്വാധീനിക്കുമോയെന്ന് ഏവരും ഭയന്നു.

എന്നാൽ അഡ്രിയാൻ ലൂണ പണത്തേക്കാൾ മൂല്യം കൽപ്പിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിക്ക് തന്നെയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ഓഫറാണ് എഫ്‌സി ഗോവ മുന്നോട്ടു വെച്ചതെങ്കിലും അത് വേണ്ടെന്നു തീരുമാനിച്ച് ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.

ഈ സീസൺ അവസാനിക്കുന്നതോടെ അഡ്രിയാൻ ലൂണയുടെ കരാർ പൂർത്തിയാകും. ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പ്ലേ ഓഫിലെത്തിയതോടെ ലൂണയുടെ കരാർ സ്വയം പുതുക്കപ്പെടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് സ്ഥിരീകരിച്ചിരുന്നില്ല. എന്തായാലും പുതിയ റിപ്പോർട്ടുകൾ യുറുഗ്വായ് താരം ടീമിനൊപ്പം തുടരുമെന്ന കാര്യത്തിൽ ഉറപ്പു നൽകുന്നു.

കഴിഞ്ഞ രണ്ടു സീസണുകളിലും ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്ന ലൂണ ഈ സീസണിലും മിന്നുന്ന പ്രകടനം നടത്തുന്നതിന്റെ ഇടയിലാണ് പരിക്ക് വില്ലനായി വന്നത്. സീസണിന്റെ ഭൂരിഭാഗവും പരിക്ക് കാരണം താരത്തിന് നഷ്‌ടമായി. ഈ സീസണിൽ ലക്ഷ്യമിട്ടത് അടുത്ത സീസണിൽ പുതിയ പരിശീലകന് കീഴിൽ താരത്തിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

fpm_start( "true" ); /* ]]> */

Adrian Luna Set To Renew With Kerala Blasters