ദിമിത്രിയോസിനെക്കാൾ നിലനിർത്തേണ്ട താരം ക്വാമേ പെപ്ര, അതിനു വ്യക്തമായ കാരണങ്ങളുണ്ട് | Kwame Peprah

കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ ഏവരുടെയും ആശങ്ക ഈ സീസണിൽ ഐഎസ്എൽ ടോപ് സ്കോററായ ദിമിത്രിയോസ് ഡയമെന്റക്കൊസ് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകുമോ എന്നതാണ്. കരാർ അവസാനിച്ച താരം പ്രതിഫലം വർധിപ്പിച്ചു നൽകണം എന്ന ആവശ്യം ഉന്നയിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് നേതൃത്വം അതിനോട് പ്രതികരിച്ചിട്ടില്ല.

എന്നാൽ പുതിയ താരങ്ങളെ സംബന്ധിച്ച ചൂടു പിടിച്ച ചർച്ചകൾക്കിടയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറന്നു പോകുന്ന പേരാണ് ക്വാമേ പെപ്രയുടേത്. ദിമിയെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുകയാണെങ്കിൽ മിക്കവാറും പെപ്ര ടീമിന് പുറത്തു പോകും. എന്നാൽ ദിമിത്രിയോസിനൊപ്പം തന്നെയോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലോ ടീമിൽ സ്ഥാനം അർഹിക്കുന്ന കളിക്കാരനാണ് പെപ്ര.

കഴിഞ്ഞ രണ്ടു സീസണുകളിൽ ഗോവക്കായി ഗോളുകൾ അടിച്ചു കൂട്ടുന്ന നോഹ സദൂയി ബ്ലാസ്റ്റേഴ്‌സിൽ എത്തുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ദിമിയില്ലെങ്കിലും ഗോളടിക്കാൻ കഴിയുന്ന ഒരു മികച്ച താരം ടീമിനൊപ്പം ഉണ്ടാകുമെന്നുറപ്പാണ്. എന്നാൽ പെപ്രയെപ്പോലെ എതിരാളികളെ കടുത്ത പ്രെസിങ് കൊണ്ട് ബുദ്ധിമുട്ടിക്കുന്ന മറ്റൊരു താരം കേരള ബ്ലാസ്റ്റേഴ്‌സിലും ഐഎസ്എല്ലിലും ഇപ്പോഴില്ല.

കഴിഞ്ഞ സീസണിൽ ലൂണ പരിക്കേറ്റു പുറത്തു പോയപ്പോഴും ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലേക്ക് വീണിരുന്നില്ല. എന്നാൽ സൂപ്പർ കപ്പിനിടെ പെപ്രക്ക് പരിക്കേറ്റതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ദയനീയമായ അവസ്ഥയിലേക്ക് പോയി. പ്രതിരോധനിരയിൽ നിന്നും തുടങ്ങുന്ന പാസിംഗ് ഗെയിമിനെ മുളയിലേ നുള്ളാൻ കഴിയുന്ന, തൊണ്ണൂറു മിനുട്ടും പ്രെസ് ചെയ്യാൻ കഴിയുന്ന പെപ്രയുടെ സാന്നിധ്യം ടീമിനെ ബാധിച്ചു.

ഇക്കഴിഞ്ഞ സീസണിൽ ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ പെപ്രക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഗോളുകൾ നേടാത്തതിന്റെ പേരിൽ വിമർശനം നേരിടുമ്പോഴും താരം ടീമിന് നൽകുന്ന സംഭാവന തിരിച്ചറിഞ്ഞ ഇവാൻ പെപ്രയെ ചേർത്തു പിടിച്ചു. പിന്നീട് ഫോമിലേക്ക് വന്നപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ താരത്തിന് ഒരു മത്സരം പോലും അതിനു ശേഷം കളിക്കാൻ കഴിഞ്ഞില്ല.

fpm_start( "true" ); /* ]]> */

ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കിയുള്ള താരമാണ് പെപ്രയെങ്കിൽ ദിമിത്രിയോസ് കരാർ പുതുക്കാൻ ഉയർന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. അതേസമയം ദിമിത്രിയോസ് മറ്റൊരു ടീമിലേക്ക് ചേക്കേറിയാൽ അതൊരു തിരിച്ചടി തന്നെയാണ്. രണ്ടിലൊരാളേ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നിരിക്കെ പരിശീലകന്റെ അഭിപ്രായം ഇക്കാര്യത്തിൽ നിർണായകമായിരിക്കും.

Kwame Peprah An Important Player For Kerala Blasters