ആ വലിയ പ്രശ്‌നം പരിഹരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, പുതിയ പരിശീലകൻ പണി തുടങ്ങി മക്കളേ | Kerala Blasters

ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായി എത്തിയിട്ടുള്ള മൈക്കൽ സ്റ്റാറെയെന്ന പരിശീലകൻ ബ്ലാസ്റ്റേഴ്‌സിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആരാധകർ ഉറ്റു നോക്കുകയാണ്. കൂടുതൽ കിരീടനേട്ടങ്ങളൊന്നും ഇല്ലെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നിരവധി ക്ലബുകളിൽ നിരവധി വർഷം പരിശീലകനായി ഇരുന്നതിന്റെ പരിചയസമ്പത്ത് അദ്ദേഹത്തിന് അവകാശപ്പെടാൻ കഴിയും.

പുതിയ പരിശീലകൻ വരുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സിൽ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. പൊസിഷനിലൂന്നി ആക്രമണത്തിന് പ്രാധാന്യം നൽകുന്ന ശൈലിയിലാണ് സ്റ്റാറെ ടീമിനെ അണിനിരത്താൻ പോകുന്നതെന്ന് അദ്ദേഹത്തിന്റെ മുൻ ടീമുകളുടെ ഫോർമേഷൻ നോക്കിയാൽ വ്യക്തമാണ്. അതിനു പുറമെ സെറ്റ് പീസുകൾക്കും അദ്ദേഹം പ്രാധാന്യം നൽകുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതിസന്ധി നേരിടുന്ന കാര്യമാണ് സെറ്റ് പീസുകൾ. അവ കൃത്യമായി മുതെലെടുക്കാൻ ടീമിന് കഴിയാറില്ല. അതിനു പുറമെ സെറ്റ് പീസുകളിൽ നിന്നും ഗോൾ വഴങ്ങുന്നതും സ്വാഭാവികമാണ്. പുതിയ പരിശീലകൻ എത്തുന്നതിനു പിന്നാലെ ആ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലഭ്യമായ സൂചനകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സെറ്റ് പീസ് കോച്ചിനെ നിയമിക്കാൻ ഒരുങ്ങുകയാണ്. ഗോളവസരമുണ്ടാക്കാൻ കഴിയുന്ന ഫ്രീകിക്കുകൾ, ടീമിന് ലഭിക്കുന്ന കോർണറുകൾ എന്നിവയെ എങ്ങിനെ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്ന പരിശീലനം നൽകുന്നതിനൊപ്പം എതിരാളികളുടെ സെറ്റ് പീസുകൾ തടുക്കാനുള്ള പരിശീലനവും ഇതിലൂടെ ലഭിക്കും.

സെറ്റ് പീസുകൾക്കായി ഒരു പരിശീലകനുള്ളത് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിനു വളരെയധികം ഗുണം ചെയ്യും. പല മത്സരങ്ങളുടെയും ഗതി നിർണയിക്കാൻ ഇതിലൂടെ അവസരമുണ്ടാകും. അതിനു പുറമെ പ്രതിരോധത്തിൽ കൂടുതൽ മെച്ചപ്പെടാനും ഇത് വഴിയൊരുക്കും. എന്തായാലും പുതിയ പരിശീലകൻ എത്തുന്നതോടെ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

Kerala Blasters Likely To Appoint Set Piece Coach