ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്നും വന്ന ഏറ്റവും മികച്ച താരം, വിബിൻ മോഹനനെ റാഞ്ചാൻ മൂന്നു ക്ലബുകൾ രംഗത്ത് | Vibin Mohanan

കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്നും സീനിയർ ടീമിലെത്തിയ താരങ്ങളിൽ ഏറ്റവും മികച്ചതെന്ന വിശേഷണം വിബിൻ മോഹനന് നൽകാൻ കഴിയും. കഴിഞ്ഞ സീസണിൽ അരങ്ങേറ്റം നടത്തിയ താരം ഈ സീസണിൽ ടീമിന്റെ മധ്യനിരയിൽ സ്ഥിരസാന്നിധ്യമായി മാറി. തന്റെ പ്രതിഭയെന്താണെന്ന് തെളിയിക്കാൻ വിബിൻ മോഹനന് ഈ സീസണോടെ കഴിഞ്ഞിട്ടുണ്ട്.

പന്തടക്കം, മികച്ച പാസുകൾ നൽകാനുള്ള കഴിവ്, വിഷൻ എന്നിവയെല്ലാമുള്ള താരത്തെ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ ഐഎം വിജയൻ പ്രശംസിച്ചിരുന്നു. ഇന്ത്യൻ ടീമിലേക്ക് ഉടനെ വിളിക്കേണ്ട താരമെന്നാണ് വിബിൻ മോഹനനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. എന്തായാലും വളരെയധികം മികവുള്ള താരത്തിനായി ഓഫറുകൾ വന്നു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലഭിക്കുന്ന സൂചനകൾ പ്രകാരം ഐഎസ്എല്ലിലെ മൂന്നു ക്ലബുകൾ വിബിൻ മോഹനന് വേണ്ടി രംഗത്തു വന്നിട്ടുണ്ട്. ഏതൊക്കെ ക്ളബുകളാണ് ഇവയെന്ന കാര്യം വ്യക്തമല്ല. അതേസമയം താരത്തെ വിട്ടുകൊടുക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടീമിന്റെ പ്രധാന താരമായാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം വിബിൻ മോഹനനെ പരിഗണിക്കുന്നത്.

ഇരുപത്തിയൊന്ന് വയസ് പ്രായമുള്ള വിബിൻ മോഹനന് 2026 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട്. അതുകൊണ്ടു തന്നെ താരത്തെ സ്വന്തമാക്കണമെങ്കിൽ അതിനു ബ്ലാസ്റ്റേഴ്‌സ് അനുവദിച്ചാലേ നടക്കൂ. വിബിൻ മോഹനനെ വിട്ടു കൊടുക്കാൻ ക്ലബിന് പദ്ധതിയില്ലാത്തതിനാൽ തന്നെ താരത്തിനായി വരുന്ന ഓഫറുകൾ ക്ലബ് തള്ളിക്കളയുമെന്നതിൽ സംശയമില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ സ്റ്റാറെയുടെ ശൈലി പൊസിഷനിലൂന്നി പിൻനിരയിൽ നിന്നും ആക്രമണങ്ങൾ സംഘടിപ്പിക്കുക എന്നതാണ്. ആ ശൈലിക്ക് വളരെയധികം അനുയോജ്യനായ താരമാണ് വിബിൻ മോഹനൻ. അടുത്ത സീസണിൽ താരത്തിൽ നിന്നും കൂടുതൽ മികച്ച പ്രകടനം പ്രതീക്ഷിക്കാനും കഴിയും.

Vibin Mohanan Had Offers From 3 ISL Clubs