കാത്തിരുന്ന പ്രഖ്യാപനം ഈയാഴ്‌ചയുണ്ടാകും, കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മൊറോക്കൻ മാന്ത്രികനെത്തുന്നു | Kerala Blasters

കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന മൊറോക്കൻ താരമായ നോഹ സദൂയിയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ വിവരം ഏവർക്കും അറിയാവുന്നതാണ്. സീസൺ അവസാനിക്കുന്നതിനു മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനു ശേഷം വിശ്വസ്‌തമായ കേന്ദ്രങ്ങളെല്ലാം ഈ ട്രാൻസ്‌ഫർ സ്ഥിരീകരിക്കുകയും ചെയ്‌തു.

എഫ്‌സി ഗോവയുമായുള്ള കരാർ അവസാനിക്കാൻ പോകുന്നതിനാൽ ആ അവസരം മുതലെടുത്താണ് നോഹയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. രണ്ടു വർഷത്തെ കരാറാണ് മുപ്പതുകാരനായ താരത്തിന് ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ട്രാൻസ്‌ഫർ ഉറപ്പിച്ചെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഇതുവരെയും ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

എന്തായാലും ഈയാഴ്‌ച നോഹ സദൂയിയുടെ ട്രാൻസ്‌ഫർ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൊറോക്കൻ താരവും ഗോവയും തമ്മിലുള്ള കരാർ ഈ മാസത്തോടെ അവസാനിക്കുകയാണ്. അതിനു ശേഷം ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

കഴിഞ്ഞ രണ്ടു സീസണുകളായി മികച്ച പ്രകടനം ഐഎസ്എല്ലിൽ നടത്തുന്ന താരമാണ് നോഹ. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ മാത്രം പതിനെട്ടു ഗോളുകളിൽ പങ്കാളിയായ താരം ഈ സീസണിൽ പതിനാറു ഗോളുകളിലും പങ്കാളിയായി. ലെഫ്റ്റ് വിങ്ങിൽ കളിച്ച് ഗോൾ നേടാനും അതുപോലെ തന്നെ ഗോളിന് വഴിയൊരുക്കാനും നോഹക്ക് കഴിയും.

ബ്ലാസ്റ്റേഴ്‌സിന്റെ ഗോളടിവീരൻ ദിമിത്രിയോസ് ഡയമെന്റക്കൊസ് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ല. താരത്തിന്റെ അഭാവം പരിഹരിച്ച് ഗോളുകൾ കണ്ടെത്താൻ കഴിയുന്ന ഒരു താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇനി നോഹയുടെ മാന്ത്രികനീക്കങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കയ്യടിക്കുന്നു ദിവസങ്ങളാണ് വരാൻ പോകുന്നത്.

Kerala Blasters Soon To Announce Noah Sadaoui